
ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി ചെറിയ കുഞ്ഞിന്റെ വീഡിയോ ചിത്രീകരിച്ച യൂട്യൂബ് ചാനലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുഞ്ഞിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ചാനല്‍ നടത്തിയിരിക്കുന്നത് എന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ അറിയിച്ചു. പാലക്കാട് സ്വദേശിയാണ് യൂട്യൂബ് ചാനലിനെതിരേ കമ്മിഷനെ സമീപിച്ചത്. മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ കുട്ടിയോട് ചോദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ചാനൽ നടത്തിയത് മാധ്യമ പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലയെന്നും ദുരന്തത്തില്‍ തകര്‍ന്നു നില്‍ക്കുന്ന കുടുംബത്തിന് ആശ്വാസം പകരുന്നതിന് പകരം മാധ്യമപ്രവര്‍ത്തക ആവര്‍ത്തിച്ച് കുഞ്ഞിനോട് അച്ഛനെ കുറിച്ച് ചോദിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെവി മനോജ്‌കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കോഴിക്കോട് ജില്ലാ പോലീസ് മേധാവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, യൂട്യൂബ് ചാനല്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
അർജുന്റെ രണ്ട് വയസ്സുള്ള മകനോട് ചോദ്യങ്ങൾ ചോദിച്ചതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വലിയ തോതിൽ വിമർശനങ്ങളുയർന്നിരുന്നു. അതേസമയം അർജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാത്രി അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണം വളരെ ഗൗരവമുള്ളതാണെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ് ഇങ്ങനെയും ആളുകൾ ഉണ്ടോ എന്ന് ചിന്തിച്ചുപോകുന്നുവെന്നും മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള നടപടിയാണ് ചെയ്യുന്നതെന്നും സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കർശനമായും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നുമായിരുന്നു മന്ത്രി വ്യക്തമാക്കിയത്. മാത്രമല്ല അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സൈബർ ആക്രമണത്തിനെതിരെ കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയതിനെത്തുടർന്നായിരുന്നു കേസ് രെജിസ്റ്റർ ചെയ്തത്.
അർജുന്റെ അമ്മയുടെ മാധ്യമങ്ങളോടുള്ള പ്രതികരണഭാഗം എഡിറ്റ് ചെയ്ത് ഒരുവിഭാഗം പ്രചരണം നടത്തിയത്തിനെതിരെയാണ് കേസെടുത്തത്. അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി സൈന്യം ഇറങ്ങിയ ദിവസം അമ്മ ഷീല വൈകാരികമായി നടത്തിയ പ്രതികരണത്തിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് കുടുംബത്തിന് നേരെ ചിലര്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. പട്ടാളത്തെ കുറ്റം പറയാന്‍ അര്‍ജുന്‍റെ അമ്മയെ പ്രേരിപ്പിച്ചെന്ന നിലയിലാണ് പ്രചാരണം നടക്കുന്നത്. തകര്‍ന്നിരിക്കുന്ന കുടുംബത്തെ ലക്ഷ്യം വെച്ച് നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെനന്നായിരുന്നു നേരത്തെ കുടുംബം ആവശ്യപ്പെട്ടത്. അതേസമയം, അര്‍ജുനായുള്ള തിരച്ചില്‍ 14-ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. തിരച്ചില്‍ ഇന്നും തുടരണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളം. കര്‍ണാടകയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. മണ്ണ് നീക്കാനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഡ്രാജ്ജിങ് യന്ത്രം എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേഗത്തില്‍ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
എന്നാൽ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഗംഗാവലി പുഴയിൽ ഇറങ്ങുന്നതിന് വെല്ലുവിളികൾ ഏറെയാണ്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ ഒരു കാരണവശാലും തെരച്ചില്‍ നിര്‍ത്തരുതെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഷിരൂരിലെ രക്ഷാദൗത്യം നിര്‍ത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല അർജുനായുള്ള തിരച്ചിൽ നിർത്തരുതെന്ന് കുടുംബവും ആവശ്യപ്പെട്ടിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു തിരച്ചിൽ തുടരണമെന്നും പെട്ടെന്ന് തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ലയെന്നും കേരള, കർണാടക സർക്കാരുകൾ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു.











