
ഏറെ കടമ്പകൾ ജീവിതത്തിൽ തരണം ചെയ്താണ് ഇന്ന് കാണുന്ന നിലയിലേക്ക് ബിഗ്ഗ്‌ബോസ് താരം അഖിൽ മാരാർ എത്തിയത്. പല കുറി പല അഭിമുഖങ്ങളിൽ അഖിൽ സ്വന്തം ജീവിതം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും പല ഷോകളിലും ഉദ്‌ഘാടനവേദികളിലും സജീവമാണ് അഖിൽ. ഇപ്പോഴിതാ വർഷങ്ങളായി തന്റെ മനസിലുള്ള ഒരു ആഗ്രഹം കൂടി സാധിച്ച സന്തോഷത്തിലാണ് അഖിൽ മാരാർ. ലോകത്തിലെ ആഡംബര കെട്ടിടങ്ങളുടെ സർവ്വ പ്രതാപങ്ങളും ഉൾകൊണ്ടിട്ടുള്ള ബുർജ് ഖലീഫ സന്ദർശിക്കാനും അതിനുള്ളിൽ താമസിക്കാനും അവസരം ലഭിച്ച സന്തോഷമാണ് തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ അഖിൽ പങ്കിട്ടിരിക്കുന്നത്. ദൂരെ നിന്ന് ഫോട്ടോ എടുക്കാൻ കൊതിച്ചവന് ബുർജ് ഖലീഫയിൽ താമസിക്കാൻ അവസരം ലഭിച്ചുവെന്ന തലക്കെട്ടോടെയാണ് വീഡിയോ അഖിൽ പങ്കുവെച്ചത്. മന്നത്ത് ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഭാഗമായി ഞാനും മാറിയ വിവരം കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നുവെന്നും ഗ്രൂപ്പിന്റെ ചെയർമാന്റെ ഫ്ലാറ്റ് ബുർജ് ഖലീഫയിലുണ്ട്. അതുകൊണ്ട് തിരികെ പോകുന്നത് വരെ താൻ ബുർജ് ഖലീഫയിലാണ് താമസമെന്നും ജീവിതത്തിൽ ആദ്യമായി ബുർജ് ഖലീഫയിൽ കയറാൻ സാധിച്ചുവെന്നും വിഡിയോയിൽ അഖിൽ മാരാർ പറയുന്നു. 56ആം നിലയിലായിരുന്നു താമസം. രണ്ട് തവണ ലിഫ്റ്റ് മാറി കയറി വേണം ഫ്ലാറ്റുള്ള നിലയിൽ എത്താൻ.

ഫ്ലാറ്റിന് ബാൽക്കണിയില്ലയെന്നും ലോക്ക് ചെയ്തിരിക്കുകയാണ്. കാറ്റ് പോലും അകത്തേക്ക് കയറില്ല. മുകളിൽ നിന്നും താഴേക്ക് നോക്കുമ്പോഴുള്ള കാഴ്ച മനോഹരമാണ് എന്നാണ് അഖിൽ ബുർജ് ഖലീഫയിൽ കയറിയ അനുഭവം പങ്കിട്ട് സംസാരിക്കവെ പറഞ്ഞത്. നടൻ മോഹൻലാലിന് അടക്കം ബുർജ് ഖലീഫയിൽ സ്വന്തമായി ലക്ഷ്വറി ഫ്ലാറ്റുണ്ട്. വീഡിയോ വൈറലായതോടെ സ്വപ്നങ്ങൾ ഓരോന്നായി സാധിച്ച് എടുക്കുന്ന അഖിലിന് ആശംസകൾ നേർന്ന് നിരവധി പേരെത്തി. ആഡംബര ഹോട്ടൽ, ആഡംബര വസതികൾ, റെസ്റ്റോറന്റുകൾ, എന്നിവ അടങ്ങിയ ബുർജ് ഖലീഫയെന്ന ഉയരം കൂടിയ സ്വപ്ന നിർമ്മിതി വികസിപ്പിച്ചെടുത്തത് ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നായ എമാർ പ്രോപ്പർട്ടീസാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഏറ്റവും ഉയരം കൂടിയ പരസ്യ പ്ലാറ്റ്‌ഫോം കൂടിയാണ്. മൊത്തത്തിൽ 829.8 മീറ്റർ ഉയരമാണ് കെട്ടിടത്തിനുള്ളത്. ഒന്നിന് മുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്ന തരത്തിലുള്ള ബുർജ് ഖലീഫയുടെ ഘടന ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമ്മിതമായ ഒന്നാണ്. അതേസമയം ജീവിതം ആര്‍ഭാടപൂര്‍വ്വം ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണെന്ന് പല വേദികളിലും തുറന്ന് പറഞ്ഞ അഖിലിന്റെ യാത്രകൾ ഇന്ന് ലക്ഷ്വറി കാറുകളിലാണ്. അടുത്തിടെ അഖിൽ മാരാരും കുടുംബവും കൊച്ചി കാക്കനാട് പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു.

കാക്കനാടിന്റെ ഹൃദയഭാഗത്ത് കോടികളുടെ വിലയുള്ള ഫ്ലാറ്റാണ് അടുത്തിടെ അഖിൽ സ്വന്തമാക്കിയത്. അഖിൽ തന്നെയാണ് ഒരു ടെലിവിഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ അഖിൽ കുടുംബസമേതം കൊച്ചിയിൽ സെറ്റിൽഡായി കഴിഞ്ഞു. എങ്കിലും ഇടയ്ക്കിടെ ജന്മനാടായ കൊട്ടാരക്കരയിൽ എത്താറുണ്ട് താരം. അഖിൽ മാരാർ എന്ന പേര് മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ അടക്കം അഭിപ്രായം പങ്കുവെച്ച് തുടങ്ങിയതോടെയാണ്. ഒരു താത്വിക അവലോകനം എന്ന സിനിമ സംവിധാനം ചെയ്ത് മലയാള സിനിമയിലേക്കും അരങ്ങേറിയ അഖിൽ പിന്നീട് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരിച്ച് വിജയിയുമായി. കൊല്ലം സ്വദേശിയായ അഖിലിന് ഇന്ന് ലോകമെമ്പാടുമായി നിരവധി ആരാധകരുണ്ട്. ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോൾ ഹേറ്റേഴ്‌സ് ഏറെയുള്ള താരം കൂടിയായിരുന്നു അഖിൻ മാരാർ. എന്നാൽ ഷോ അവസാനിക്കാറയപ്പോഴേക്കും ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥിയായി അഖിൽ മാറി. ബിഗ് ബോസിനുശേഷം അഭിമുഖങ്ങളും യാത്രകളും ഉദ്ഘാടന പരിപാടികളുമെല്ലാമായി എപ്പോഴും തിരക്കിലാണ് താരം. പല സ്വപ്നങ്ങളും അഖിൽ സാധിച്ച് എടുത്ത് തുടങ്ങിയത് ബിഗ് ബോസിനുശേഷമാണ്. സോഷ്യൽ മീഡിയയിലും ഇന്ന് നിറസാന്നിധ്യമാണ് അഖിൽ മാരാർ.











