
മകൾ എയ്ഞ്ചൽ മരിയയുടെ അപ്രതീക്ഷിത മരണത്തോടെ ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിൽ നിന്ന് 10 മാസം മുമ്പാണ് ദീപ ഇറങ്ങിയിരുന്നു. എന്നാല്‍, നാടിന് വേണ്ടി നാട്ടുകാര്‍ വേണ്ടി ഇപ്പോൾ ആംബുലൻസിന്‍റെ ഡ്രൈവിങ് സീറ്റിലേക്ക് കല്ലാച്ചി സ്വദേശിനി ദീപ ജോസഫ് (39) തിരികെ കയറിയിരിക്കുകയാണ്. വയനാട് ഉരുൾപൊട്ടലിനെക്കുറിച്ചറിഞ്ഞാണു ദീപ വീണ്ടും സ്റ്റിയറിംഗ് പിടിക്കാൻ തീരുമാനിച്ചത്. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരന്തഭൂമിയിൽ ദീപ ഇപ്പോൾ സേവനം ചെയ്യുന്നുണ്ട്.
കല്ലാച്ചി വിലങ്ങാട് ഓട്ടപ്പുന്നയ്ക്കൽ ദീപ നാലര വർഷം മുൻപു കൊവിഡ് കാലത്താണ് ആംബുലൻസ് ഡ്രൈവറായി മാറുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവറായി സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശക്തി പുരസ്കാരമടക്കം നേടിയിട്ടുണ്ട്.
10 മാസം മുൻപ് മകൾ രക്താർബുദംമൂലം മരിച്ചതോടെ ദീപ ശാരീരികമായും മാനസികമായും തളർന്നു. അങ്ങനെയാണ് ഡ്രൈവിങ് ഉപേക്ഷിച്ചത്. കല്ലാച്ചിയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വയനാട് ഉരുൾപൊട്ടലിനെക്കുറിച്ചു കേൾക്കുന്നത്. വടകര മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇ കെ അജീഷിന്റെ വിളി വന്നു. ആംബുലൻസും ഫ്രീസറും സംഘടിപ്പിച്ചു മേപ്പാടിയിൽ എത്തിക്കാമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇതോടെ തന്‍റെ വേദനയെല്ലാം ഉള്ളിലൊതുക്കി ദീപ ആംബുലൻസുമായി മേപ്പാടിയിലേക്ക് പോവുകയായിരുന്നു.











