
രാഹുൽ ഗാന്ധിയുടെ മോർഫ് ചെയ്ത ചിത്രം താരം ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി പങ്കുവെച്ച നടിയും എംപിയുമായ കങ്കണ റമാവത്തിനെതിരെ വ്യാപക വിമര്‍ശനം. കങ്കണക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ്. രാഹുൽ ഗാന്ധി തലയിൽ തഖിയ്യയും, നെറ്റിയിൽ മഞ്ഞളും, കഴുത്തിൽ കുരിശു മാലയും അണിഞ്ഞു നിൽക്കുന്ന തരത്തിലാണ് ചിത്രം മോര്‍ഫ് ചെയ്തിട്ടുള്ളത്.
പാർലമെൻറിൽ രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ ജാതി സെൻസസ് പരാമർശങ്ങളെ പരിഹസിച്ചായിരുന്നു കങ്കണയുടെ സ്റ്റോറി. ‘ആരോടും ജാതി ചോദിക്കാതെ ജാതി സെൻസസ് നടത്താൻ ആഗ്രഹിക്കുന്നയാൾ’ എന്ന കുറിപ്പോടു കൂടിയാണ് രാഹുലിന്റെ മോർഫ് ചെയ്ത ചിത്രം കങ്കണ പോസ്റ്റ് ചെയ്തത്.
സ്റ്റോറി ഇട്ടു മണിക്കൂറുകൾക്കകം തന്നെ ഇരുപതിനായിരത്തിലധികം ട്വീറ്റുകളുമായി കങ്കണ ട്രെൻഡിങ്ങാണ്. നിരവധി നെറ്റിസൺസ് ആണ് കങ്കണയെ വിമർശിച്ചു രംഗത്ത് വന്നത്. ‘പാർലമെൻറിൽ നിൽക്കാൻ യോഗ്യത ഇല്ലാത്ത ആളാണ് കങ്കണ’ എന്നാണ് പലരും ട്വീറ്റ് ചെയ്യുന്നത്. എന്നാൽ, ചിലർ കങ്കണയെ പിന്തുണക്കുന്നുമുണ്ട്.











