കരീനയും ബിപാഷയും തമ്മിലുള്ള വഴക്ക് ബോളിവുഡിൽ ഏറെ ചർച്ചയായിരുന്നു

താരങ്ങള്‍ക്കിടയിലെ പിണക്കങ്ങളും വഴക്കുമെല്ലാം ബോളിവുഡില്‍ പതിവ് സംഭവങ്ങളാണ്. പല മുന്‍നിര താരങ്ങള്‍ തമ്മില്‍ പലപ്പോഴായി പിണങ്ങുകയും ഇണങ്ങുകയും ചെയ്തിട്ടുണ്ട്. ബോളിവുഡിലെ താരങ്ങള്‍ക്കിടയിലെ വഴക്കുകളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് കരീന കപൂറും ബിപാഷ ബസുവും തമ്മിലുള്ളത്. ഇരുവരുടേയും കരിയറിന്റെ തുടക്കത്തിലായിരുന്നു സംഭവം. ഇരുവരും ഒരുമിച്ച് അഭിനയിച്ച 2001 ൽ പുറത്തിറങ്ങിയ അജ്‌നബീ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് പ്രശ്‌നം തുടങ്ങുന്നത്. താര കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. എന്നാൽ ബിപാഷ അനഗ്നെ ആയിരുന്നില്ല. ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത് കോസ്റ്റിയൂമിനെ ചൊല്ലിയായിരുന്നു. അനുവാദമില്ലാതെ കരീനയുടെ ഡിസൈനര്‍ ബിപാഷയെ സഹായിച്ചതാണ് പ്രശ്‌നത്തിന്റെ ഉറവിടം. വഴക്ക് കൈവിട്ട് പോയതോടെ കരീന ബിപാഷയുടെ കരണത്തടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഉണ്ടായ ഈ സംഭവം കരീനയുടെ ഇമേജിനെ സാരമായി തന്നെ ബാധിച്ചിരുന്നു. ഇന്ന് കരീനയും ബിപാഷയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ഒരുകാലത്ത് ഇരുവരും മുഖത്തോട മുഖം നോക്കാന്‍ പോലും മടിച്ചിരുന്നു.

ഇപ്പോഴിതാ കരീനയ്ക്കും ബിപാഷയ്ക്കുമൊപ്പം ജോലി ചെയ്തതിന്റെ അനുഭവം പങ്കിടുകയാണ് നടിയും വസ്ത്രാലങ്കര വിദഗ്ധയുമായ ഡോളി ആലുവാലിയ. ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഡോളി ആലുവാലിയ. വിക്കി ഡോണര്‍, സര്‍ദ്ദാര്‍ ഉദ്ദം സിംഗ് തുടങ്ങിയ സിനിമകളിലൂടെയാണ് ഡോളി കയ്യടി നേടുന്നത്. നിരവധി സിനിമകള്‍ക്കായി വസ്ത്രാലങ്കരവും ചെയ്തിട്ടുണ്ട്. കരീനയ്‌ക്കൊപ്പം ജോലി ചെയ്ത അനുഭവം മാജിക്കല്‍ ആണെന്നാണ് ഡോളി പറയുന്നത്. വസ്ത്രത്തിന്റെ ഫിറ്റിംഗിനായി കരീനയുടെ വീട്ടില്‍ പോയിരുന്നു. വളരെ ഊഷ്മളമായിരുന്നു കരീനയുടെ സ്വീകരണമെന്നാണ് ഡോളി പറയുന്നത്. ബിപാഷയ്‌ക്കൊപ്പവും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വളരെ ജെനുവിന്‍ ആയ വ്യക്തിയാണ് ബിപാഷയെന്നാണ് ഡോളി പറയുന്നത്. അതേസമയം താന്‍ ഒരിക്കലും കരീനയ്‌ക്കൊപ്പം ജോലി ചെയ്യില്ലെന്ന് 2001ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ ബിപാഷ പറഞ്ഞിരുന്നു. കരീനയ്ക്ക് താനുമായി യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലയെന്നും ഡിസൈനറുമായിട്ടായിരുന്നു തര്‍ക്കമുണ്ടായത്. തന്നെ അനാവശ്യമായി വലിച്ചിടുകയായിരുന്നുവെന്നും തീര്‍ത്തും ബാലിശമായിരുന്നു കരീനയുടെ പ്രതികരണമെന്നുമാണ് ബിപാഷ പറഞ്ഞത്. മാത്രമല്ല തങ്ങൾ തമ്മിലുള്ള യഥാർത്ഥ ശത്രുതയേക്കാൾ കൂടുതൽ കാര്യങ്ങൾ കൂടുതൽ വഷളാക്കിയത് മാധ്യമങ്ങൾ ഉയർത്തിയ കിംവദന്തികളാണെന്നും ബിപാഷ പറഞ്ഞിരുന്നു.

അതേസമയം ബിപാഷയ്ക്ക് തന്റെ കഴിവില്‍ യാതൊരു ആത്മവിശ്വാസവും ഇല്ലെന്നാണ് കരീന മുൻപ് പറഞ്ഞത്. താനുമായി ഉണ്ടായ വഴക്കാണ് ബിപാഷയെ പ്രശസ്തയാക്കിയതെന്നും കരീന പറഞ്ഞിരുന്നത്. അതേസമയം കരീന ബിപാഷയെ കറുത്ത പൂച്ചയെന്ന് വിളിച്ചതായും ആരോപണമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തന്നെ ബിപാഷയുടെ ഭാവനാസൃഷ്ടിയാണെന്നായിരുന്നു കരീനയുടെ വാദം. എന്തായാലും ആ സിനിമയ്ക്ക് ശേഷം പിന്നീടൊരിക്കലും കരീനയും ബിപാഷയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. കരീന ഇപ്പോഴും അഭിനയത്തില്‍ സജീവമായി തന്നെയുണ്ട്. രണ്ട് മക്കളുടെ അമ്മയായ ശേഷവും നായിക വേഷങ്ങളില്‍ തന്നെ തുടരാന്‍ സാധിക്കുന്നുണ്ട് കരീനയ്ക്ക്. നടന്‍ സെയ്ഫ് അലി ഖാന്‍ ആണ് കരീനയുടെ ഭര്‍ത്താവ്. അതേസമയം വിവാഹ ശേഷം സിനിമാ ലോകത്തു നിന്നും വിട്ടു നില്‍ക്കുകയാണ് ബിപാഷ ബസു. ഈയ്യടുത്താണ് താരം അമ്മയായത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നടന്‍ കരണ്‍ സിംഗ് ഗ്രോവര്‍ ആണ് ബിപാഷയുടെ ഭര്‍ത്താവ്.