
ഇസ്രായേലിനെതിരെ ഇറാന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ ആക്രമണം ഏത് സമയത്തും ഉണ്ടാകുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഹിസ്ബുള്ളയും ഇസ്രായേലിനെതിരായ നീക്കം ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതല്‍ രൂക്ഷമാകുകയാണ്. പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് പോയാല്‍ അത് സ്വാഭാവികമായും ഇന്ത്യയേയും ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക മേഖലയായ മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിതരണത്തിലെ തടസ്സങ്ങളെക്കുറിച്ച് ഇന്ത്യന്‍ വ്യാപാരികൾ അടക്കം ആശങ്കാകുലരാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ആഗോള വിതരണത്തിൽ പരിമിതമായ സാമ്പത്തിക സ്വാധീനം ചെലുത്തിയ ഇസ്രായേൽ-ഗാസ പോലുള്ള മുൻകാല സംഘർഷങ്ങളെ വിപണികൾ മറികടന്നതാണ്. എന്നിരുന്നാലും, ഇറാൻ സംഘട്ടനത്തിലേക്ക് പ്രവേശിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും, “വെൽത്ത്മിൽസ് സെക്യൂരിറ്റീസ് ഡയറക്ടർ ക്രാന്തി ബഥിനിയെ ഉദ്ധരിച്ചു കൊണ്ട് മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ ഇതൊക്കെയാണ്. ഇറാന്റെ ഭാഗത്ത് നിന്നും ശക്തമായ ആക്രമണം ഉണ്ടാകുകയാണെങ്കില്‍ അത് അസംസ്‌കൃത എണ്ണയുടെ വിതരണത്തിൽ ആശങ്ക വർദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല.
അമേരിക്കയും ഈ വിഷയത്തില്‍ ഇടപെട്ടേക്കും എന്നും കരുതുന്നുണ്ട്. സാഹചര്യം ഇത്തരത്തിൽ മുന്നോട്ട് പോയാൽ സ്വാഭാവികമായും ഇന്ത്യയും ചൈനയും പോലുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെയായിരിക്കും ഇത് പ്രത്യേകിച്ച് പ്രതികൂലമായി ബാധിക്കുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് ഓയിൽ വില ഇടിവിലാണ് തുടരുന്നത് എന്നതും പ്രകടമാണ്. എന്നാൽ വഷളായിക്കൊണ്ടിരിക്കുന്ന ഇറാൻ-ഇസ്രായേൽ സംഘർഷം ക്രൂഡ് വില വർധിപ്പിച്ചേക്കും എന്നും കരുതപ്പെടുന്നു. ഹമാസ് നേതാവിൻ്റെയും മുതിർന്ന ഹിസ്ബുള്ള സൈനിക കമാൻഡറുടെയും കൊലപാതകത്തിന് ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ഹമാസും ഹിസ്ബുള്ളയും ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. വിശാലമായ ഒരു പ്രാദേശിക യുദ്ധത്തിൻ്റെ അപകടസാധ്യത, ചെറുതാണെന്ന് താൻ ഇപ്പോഴും കരുതുന്നു എന്നും, എന്നാല്‍ അതിനെ അവഗണിക്കാനാവില്ലഎന്നും ഐജി ഇൻ്റർനാഷണൽ അനലിസ്റ്റ് ടോണി സൈകാമോർ റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ കൂടി പറഞ്ഞിരുന്നു. ഇത്തരം പ്രശ്നങ്ങളിൽ ആശങ്കയുണ്ടെങ്കിലും ശക്തമായ ആഭ്യന്തര നിക്ഷേപവും തുടർച്ചയായ പണലഭ്യതയും ഉള്ള ഇന്ത്യൻ വിപണികൾ കൂടുതൽ ശക്തമായ നിലയിലാണെന്നാണ് വിപണി വിദഗ്ധർ പറയുന്നുത്. ഇന്ത്യൻ വിപണി ഇപ്പോൾ മുമ്പത്തേക്കാൾ വളരെ മെച്ചപ്പെട്ട നിലയിലാണ് മുന്നോട്ട് പോകുന്നത് എന്നതും പ്രതീക്ഷ പകരുന്ന കാര്യമാണ്.
യുഎസിലെ മാന്ദ്യം, ക്രൂഡ് വില, തുടങ്ങിയ ഇറക്കുമതി പ്രശ്‌നങ്ങളാണ് തങ്ങൾ കൂടുതലും കൈകാര്യം ചെയ്യുന്നത് എന്നും ഗൗരംഗ് ഷാ പറഞ്ഞു. ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകർ പക്വത പ്രാപിക്കുന്നുണ്ടെന്നും, ഇക്വിറ്റികളിലേക്കുള്ള ശക്തമായ എസ്ഐപി ഒഴുക്കിനെ പരാമർശിച്ച് കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റേൺ ഇക്വിറ്റികൾ ഇടിയുന്നത് സ്വർണ വില കുതിച്ചുയരാന്‍ ഇടയാക്കിയേക്കും. അന്താരാഷ്‌ട്ര സ്വർണ വില കുത്തനെ ഇടിഞ്ഞെങ്കിലും ഓഗസ്റ്റ് 5 ന് ഉടൻ തന്നെ വീണ്ടെടുത്തു, ഔൺസിന് 2,440 ഡോളറിനടുത്താണ് വ്യാപാരം നടന്നത്. സംഘർഷ സാഹചര്യം സ്വർണ വിലയേയും സ്വാധീനിച്ചേക്കുമെന്നും വിദഗ്ധർ കൂട്ടിച്ചേർക്കുന്നു. വരും ദിവസങ്ങളില്‍ സ്വർണ വില കൂടാനുള്ള സാധ്യത ഏറെയാണ്. ആഗോള വിപണി സാഹചര്യം പരിശോധിച്ചാണ് ഈ വിലയിരുത്തല്‍. അമേരിക്ക പലിശ കുറയ്ക്കുമെന്ന അഭ്യൂഹം ശക്തമായതും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വർണ വിലയിൽ ആശങ്കയുണ്ടാക്കുന്നത്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ചതോടെയാണ് സ്വര്‍ണത്തിന് 4000 രൂപയോളം കുറഞ്ഞിരുന്നത്. പവന് 50400 രൂപ വരെ എത്തിയത് ഉപഭോക്താക്കള്‍ക്ക് നേട്ടമായി. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി ഉയര്‍ന്നു. അന്തര്‍ദേശീയ വിപണിയിലെ മാറ്റമാണ് ഇതിന് കാരണം എന്നായിരുന്നു ജ്വല്ലറി വ്യാപാരികളുടെ പ്രതികരണം.











