
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിർത്തിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ. സൂര്യയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വ്യക്തമാക്കുന്നത്.
“പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്ക് ആയിരുന്നു. ദയവായി വിഷമിക്കേണ്ട, സൂര്യ അണ്ണൻ നിങ്ങളുടെ എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി സുഖമായിരിക്കുന്നു” എന്നാണ് നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ കുറിച്ചത്. ഊട്ടിയിലെ ആശുപത്രിയിൽ ചികിൽസയ്ക്കുശേഷം സൂര്യയോട് കുറച്ച് ദിവസം വിശ്രമിക്കാൻ ഡോക്ടര്‍മാര്‍ നിർദേശം നൽകിയിട്ടുണ്ട്.
സൂര്യയുടെ ജന്മദിനത്തില്‍ ചിത്രത്തിന്‍റെ ഒരു ഗ്ലിംസ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സൂര്യയുടെ സ്വന്തം ബാനര്‍ 2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്. ഈ മാസം ആദ്യമാണ് ‘സൂര്യ 44’ന്‍റെ രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ ആരംഭിച്ചത്.











