
ബിഗ് ബോസ് തമിഴ് ഏഴാം സീസൺ തുടങ്ങാനിരിക്കെ പുതിയ തീരുമാനവുമായി നടൻ കമൽ ഹാസൻ. എട്ടാം സീസണിൽ അവതാരകനായി ഇനി കമൽ ഹാസൻ എത്തില്ല. കമൽഹാസൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. സിനിമകളുടെ തിരക്ക് കാരണമാണ് ഇത്തവണ കമൽ ഹാസൻ മാറി നിൽക്കുന്നത്. 2017 ൽ ബിഗ് ബോസ് തമിഴ് സീസൺ തുടങ്ങിയത് മുതൽ കമൽ ഹാസനായിരുന്നു ഷോയുടെ അവതാരകൻ. ഏഴാം സീസൺ വരെയും മികച്ച രീതിയിൽ കമൽ ഹാസൻ ബിഗ് ബോസ് ഷോ മുന്നോട്ട് കൊണ്ട് പോയി. ഇത്തവണ ബിഗ്ഗ്‌ബോസിൽ നിന്നും മാറി നിൽക്കുന്നതിൽ വിഷമമുണ്ടെന്നാണ് താരം പറയുന്നത്. മാത്രമല്ല ഇടവേള എടുക്കുന്നത് താല്‍ക്കാലികമാണെന്നും പിന്മാറുന്നത് എട്ടാം സീസണില്‍ നിന്ന് ആണെന്നുമാണ് കുറിപ്പില്‍ കമല്‍ ഹാസൻ സൂചിപ്പിക്കുന്നത്. പ്രിയ പ്രേക്ഷകരെ, ഏഴ് വർഷം മുമ്പ് ആരംഭിച്ച നമ്മുടെ യാത്രയിൽ നിന്നും ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് ഹൃദയ ഭാരത്തോടെ ഞാൻ അറിയിക്കുന്നു. നേരത്ത കമ്മിറ്റ് ചെയ്ത സിനിമാ തിരക്കുകൾ കാരണം വരാനിരിക്കുന്ന ബിഗ് ബോസ് തമിഴ് സീസണിന് അവതാരകനാകാൻ എനിക്ക് കഴിയില്ല. എനിക്ക് നിങ്ങളുടെ സ്വീകരണമുറിയിലെത്താനുള്ള ഭാഗ്യം ലഭിച്ചു.

നിങ്ങൾ ഏറെ സ്നേഹം നൽകി, അതിനു തീർത്താൽ തീരാത്ത നന്ദി. നിങ്ങളുടെ പിന്തുണയാണ് ബിഗ് ബോസ് തമിഴിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഒന്നാക്കി മാറ്റിയത് എന്നാണ് കമൽഹാസൻ കുറിക്കുന്നത്. ഷോ സംപ്രേഷണം ചെയ്യുന്ന വിജയ് ടിവിയുടെ ടീമിനും അണിയറ പ്രവർത്തകർക്കും കമൽ പ്രസ്താവനയയിൽ നന്ദി അറിയിക്കുന്നുണ്ട്. പുതിയ സീസണും വിജയമാകുമെന്ന് തനിക്കുറപ്പുണ്ടെന്നും താരം വ്യക്തമാക്കി. കമൽ ഹാസന് പകരം ബിഗ് ബോസ് അവതാരകനായി ആരെത്തുമെന്ന ചോദ്യം ആരാധകർക്കുണ്ട്. നിരവധി പേരാണ് കമൽ ഹാസന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. നിങ്ങളില്ലാത്ത ബിഗ് ബോസ് കാണാൻ ആവില്ലെന്നാണ് ആരാധകരുടെ കമന്റ്. നിങ്ങളായതു കൊണ്ടു മാത്രമാണ് ബിഗ് ബോസ് കാണുന്നതെന്നാണ് മറ്റൊരു പ്രേക്ഷകന്റെ കമന്റ്. അതേസമയം, “നല്ല തീരുമാനം. ഇനി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ,” എന്ന് പറയുന്നവരും ഏറെയാണ്. അതേസമയം, കമൽഹാസനു പകരം ആരാവും ബിഗ് ബോസ് അവതാരകനായി എത്തുകയെന്നും കമൽ ഹാസൻ ഷോ വിടാനുള്ള കരണവുമാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. കമൽ ഹാസന്റെ ഈ മാറ്റത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നാണ് പൊതുവേയുള്ള സംസാരം. നിലവിൽ അദ്ദേഹത്തിന് സിനിമകളുടെ തിരക്ക് മൂലമാണ് പിൻമാറുന്നതെന്നാണ് പറയുന്നത്. ഇത്രയും സിനിമകൾ ഒരുമിച്ച് അദ്ദേഹത്തിന് ഷൂട്ട് ചെയ്യാൻ ഉണ്ടോ എന്നാണ് ആളുകൾ ചോദിക്കുന്നത്. കഴിഞ്ഞ സീസണിൽ കമൽ ഹാസൻ നിരവധി വിവാദങ്ങളിൽ പെട്ടിരുന്നു. അതായത് പ്രദീപ് അന്റണി എന്ന മത്സരാർത്ഥിക്ക് റെഡ് കാർഡ് കൊടുക്കുകയും പ്രദീപ് പുറത്താവുകയും ചെയ്തിരുന്നു.

അതിന്റെ പേരിൽ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിലൂടെ ഒരുപാട് നെഗറ്റീവ് കമന്റുകളും കമൽ ഹാസൻ നേരിട്ടിരുന്നു. അതിന്റെ പേരിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണമാണോ കമൽ ഹാസന്റെ ഈ പുതിയ തീരുമാനമെന്നും പലരും ആശങ്കപ്പെടുന്നു. എന്തായാലും അദ്ദേഹം പറഞ്ഞ പോലെ നിരവധി സിനിമകളാണ് ഇനി ഷൂട്ടിംഗ് ചെയ്യാനുള്ളത്. മണി രത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫാണ് ഇനി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിർമ്മാണവും കമൽഹാസൻ തന്നെയാണ്. അതേസമയം തന്നെ കമൽഹാസന് പകരം ഇനിയാര് എന്ന ചോദ്യവും ഉയരുന്നുണ്ട്. ചിമ്പു, രമ്യ കൃഷ്ണൻ, നടൻ അർജുൻ, വിജയ് സേതുപതി എന്നിവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. എന്നാൽ തമിഴിൽ കമൽ ഹാസന് പകരം അദ്ദേഹത്തെ പോലെ താരപ്രഭയുള്ള മറ്റാെരു നടനെ അവതാരകനായി ലഭിക്കേണ്ടതുണ്ട്. ബിഗ് ബോസിന്റെ അഞ്ചാം സീസണിലെ കുറച്ച് എപ്പിസോഡുകളിൽ കമൽ ഹാസന് പകരം താൽക്കാലികമായി നടി രമ്യ കൃഷ്ണൻ അവതാരകയായി എത്തിയിരുന്നു. കമലിന് കൊവിഡ് പിടിപെട്ട സാഹചര്യത്തിലാണ് രമ്യ എത്തിയത്. രമ്യ കൃഷ്ണന്റെ എപ്പിസോഡുകൾക്ക് അന്ന് സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ സീസണിലേക്ക് മാത്രമായി ഒരു പക്ഷെ രമ്യ കൃഷ്ണൻ തന്നെ അവതാരകയായി എത്താനും സാധ്യതയുണ്ട്.

അതേസമയം വിജയ് ടിവിയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം 130 കോടി രൂപയാണ് ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസണിന് അവതാരകനാകാൻ കമൽ ഹാസൻ വാങ്ങിയ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. അതേസമയമ് ബിഗ്ഗ്‌ബോസ് മലയാളം ഏഴാം സീസൺ മുതൽ മോഹൻലാലിന് പകരം മറ്റൊരാൾ അവതാരകയായി എത്തുമെന്ന അഭ്യൂഹങ്ങളും ഇടക്ക് ശക്തമായിരുന്നു. എന്നാൽ കമൽ ഹാസനെ പോലെ തന്നെ മലയാളം ബിഗ്ഗ്‌ബോസ് പ്രേക്ഷകർക്ക് അവതാരകനായി മോഹന്ലാലിനെയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും ആകില്ലായെന്നതാണ് സത്യം. ബിഗ്ഗ്‌ബോസ് മലയാളത്തിൽ അവതാരകനായി മോഹൻലാൽ തന്നെ മതിയെന്നാണ് ആരാധകരുടെ അഭിപ്രായങ്ങൾ. അതേസമയം ബിഗ് ബോസിന്റെ എല്ലാം ഭാഷകളിലും അവതാരകരായെത്തുന്നത് സൂപ്പർ താരങ്ങളാണ്. മലയാളത്തിൽ മോഹൻലാൽ അവതാരകനായെത്തുമ്പോൾ ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ നാഗാർജുനയും അവതാരകരായി. കന്നഡയിൽ നടൻ സുദീപ് ആണ് ബിഗ് ബോസ് അവതാരകൻ.











