മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ്

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഡാമിന് സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും വിഷയം ലോക്സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മാത്രമല്ല മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. പുതിയ ഡാം വേണമെന്നാണ് ആവശ്യം എന്നും ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘130 വര്‍ഷം പഴക്കമുള്ള ഡാമാണിത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാന്‍ കഴിയുമെന്നും ഡീന്‍ കുര്യാക്കോസ് ചോദിച്ചു. പുതിയ ഡാം പുതിയ കരാര്‍ എന്നതായിരുന്നു കേരളം മുന്നോട്ട് വെച്ചിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാടിന് ആവശ്യത്തിന് ജലം നല്‍കണമെന്ന നിലപാടാണ് കേരളത്തിനുള്ളത്. ഇക്കാര്യം നിയമസഭയില്‍ പാസാക്കിയതാണ് എന്നും എന്നാല്‍ വിഷയത്തില്‍ ഇടപെടാതെ കേന്ദ്രം കൈയും കെട്ടി നില്‍ക്കുകയാണ് എന്നും എം പി കുറ്റപ്പെടുത്തി. തമിഴ്‌നാടിനെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഡാം നിര്‍മിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ വിളിച്ച് കേന്ദ്രം ചര്‍ച്ച നടത്തണം. എം കെ. സ്റ്റാലിനുമായി സംസാരിക്കുമെന്ന് പിണറായി വിജയന്‍ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും അത് നടക്കുന്നില്ല എന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എം പി കഴിഞ്ഞ ദിവസം രാജ്യസഭയിലും ആവശ്യപ്പെട്ടിരുന്നു. അതിനിടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ഇന്നലെ പ്രകടനവും പ്രതിഷേധ യോഗവും നടത്തിയിരുന്നു. വിദഗ്ധ പരിശോധനക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണം. അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന കേരളത്തിൻ്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജലവൈദ്യുതി പദ്ധതികളോട് തനിക്ക് എതിര്‍പ്പാണെന്ന് പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹാരിസ് ബീരാന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 54 ജലവൈദ്യുത പദ്ധതികളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ മഴക്കാലത്തും മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ചെറുതല്ല. കാലവര്‍ഷത്തിനൊപ്പം മലയാളികളുടെ ആശങ്കയും കനക്കും. 1810 ല്‍ അന്നത്തെ മദിരാസി പ്രവിശ്യയില്‍പ്പെട്ട മഥുര ദിണ്ഡുക്കല്‍ ഡിവിഷനുകളില്‍ പട്ടിണിയും പകര്‍ച്ചവ്യാധികളും മൂലം അനേകം പേര്‍ മരിക്കാനിടയായി. പ്രശ്നം ബ്രിട്ടീഷുകാര്‍ക്ക് തലവേദനയായതോടെ പരിഹാരമായി കല്പിച്ചു കിട്ടിയ നിര്‍ദേശം വൈഗ നദിയിലെ ഒഴുക്ക് വര്‍ദ്ധിപ്പിച്ച് ആ മേഖലയിലെ കൃഷി മെച്ചപ്പെടുത്തുക എന്നതാണ്.

1837 ല്‍ മദിരാസി സംസ്ഥാനത്തെ തേനി, മഥുര, ദിണ്ഡുക്കല്‍, രാമനാഥപുരം പ്രദേശങ്ങളില്‍ വീണ്ടും ക്ഷാമം ഉണ്ടായി. ഇതോടെ ഭാവിയില്‍ ക്ഷാമം ഒഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് കമ്പനി അതിനുള്ള പരിപാടികള്‍ ആരംഭിച്ചു. എന്നാല്‍ വേനല്‍ക്കാലങ്ങളില്‍ വറ്റിവരണ്ട് കിടക്കുന്ന വൈഗ നദിയെ എങ്ങനെ ചാര്‍ജ് ചെയ്യുമെന്നതായിരുന്നു അവരുടെ ആദ്യത്തെ കടമ്പ. ആ സമയത്ത് തിരുവിതാംകൂറില്‍ പെരിയാര്‍ നദി നിറഞ്ഞ് വെള്ളത്തോടെ ഒഴുകുകയാണ്. പെരിയാര്‍ നദിയിലെ വെള്ളം അറബിക്കടലിലേക്ക് ഒഴുകി പാഴാകുകയാണല്ലോ എന്ന ചര്‍ച്ചയും ഉണ്ടായി. ആ വെള്ളം എങ്ങനെയെങ്കിലും വൈഗ നദിയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ പകുതി പ്രശ്‌നം ഇല്ലാതാകുമെന്ന ചര്‍ച്ചകളും സജീവമായി. തമിഴ്‌നാട്ടിലെ രാമനാട് മുത്തുരാമ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന ഉദിരുപിള്ളയാണ് ഇങ്ങനെയൊരു ആശയം ആദ്യം മുന്നോട്ട് വെച്ചതെന്നാണ് ചരിത്രം പറയുന്നത്. 129 വര്‍ഷം പഴക്കമുള്ള, ചുണ്ണാമ്പ് മിശ്രിതം ചേര്‍ത്ത് നിര്‍മിച്ചതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. എന്നാല്‍ വര്‍ത്തമാന കാലത്തില്‍ ഒരേ സമയം തമിഴ്നാടിന് കുടിവെള്ളവും കേരളത്തിന് മുകളില്‍ ജലബോംബുമായും മുല്ലപ്പെരിയാര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. പരമാവധി 60 വര്‍ഷം ആയുര്‍ദൈര്‍ഘ്യം പറഞ്ഞ മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാടിന് പാട്ടക്കരാറായി കൊടുത്തത് 999 വര്‍ഷത്തേക്കാണ്.