
ആരാധകരും അവരുടെ പ്രിയ താരങ്ങളും തമ്മിലുള്ള അപൂര്‍വ്വമായ ചില നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . മമ്മൂട്ടി ആരാധികയായ ഒരു പെണ്‍കുട്ടിയുടേതാണ് ഈ വീഡിയോ . താരസംഘടനയായ ‘അമ്മ സംഘടിപ്പിച്ച നൃത്ത ശില്പശാലയുടെ സമാപന സമ്മേളനമായിരുന്നു വേദി. ശില്‍പശാലയില്‍ പങ്കെടുത്തവര്‍ പിന്നീട് സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് മമ്മൂട്ടിയുടെ കടുത്ത ആരാധികയായ പെണ്‍കുട്ടി മൈക്കിനടുത്തേക്ക് എത്തിയത്. സദസിലുള്ള മറ്റ് ചിലര്‍ പറഞ്ഞതുപോലെ മമ്മൂട്ടിക്ക് കൈ കൊടുക്കുകയല്ല തനിക്ക് വേണ്ടതെന്നും മറിച്ച് കെട്ടിപ്പിടിക്കുകയാണ് വേണ്ടതെന്നും കുട്ടി പറഞ്ഞു. ഇതുകേട്ട ഉടന്‍ മമ്മൂട്ടി കുട്ടിയെ അരികിലേക്ക് വിളിക്കുകയായിരുന്നു.

‘അമ്മ തന്നെ പുറത്തുവിട്ട ചടങ്ങിന്‍റെ വീഡിയോയില്‍ നിന്നും ഈ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്. ആരാധകര്‍ ഏറെ ആഹ്ലാദത്തോടെയാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. അതേസമയം ഇതൊരു നൃത്ത പരിശീലന ക്ലാസ് ആയിരുന്നു എന്നതുകൊണ്ടുതന്നെ തനിക്ക് വളരെ താല്‍പര്യവുമുണ്ട് എന്ന് പറഞ്ഞ് പൊട്ടിചിരിച്ചുകൊണ്ട് രസകരമായി മമ്മൂട്ടി സംസാരിച്ചു. ഇതൊരു നൃത്തപരിശീലന ക്ലാസ് ആയിരുന്നതുകൊണ്ട് തന്നെ വളരെ താൽപര്യമുണ്ട്. കാരണം താൻ പരിശീലിച്ചിരുന്ന കാലത്ത് ഇതുപോലുള്ള അവസരങ്ങൾ കിട്ടിയിരുന്നില്ല. രചന നാരായണൻകുട്ടിയെപ്പോലുള്ള ഗുരുക്കന്മാരൊക്കെ ഡാൻസ് കളിക്കുന്ന സമയത്ത് ആരും കാണാതെ ഒളിച്ചിരുന്ന് കണ്ട് പഠിച്ച ഡാൻസ് ആണ് താനൊക്കെ കളിച്ചത് എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ .

പുതുതലമുറയ്ക്ക് എല്ലാക്കാര്യങ്ങൾക്കും അവസരമുണ്ട്, വേദികളുണ്ട്. നമുക്ക് അത് കിട്ടിയിട്ടില്ല. അതിന്റെയൊരു ബുദ്ധിമുട്ട് ഉണ്ട്. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മറ്റുള്ളവർക്ക് ഇങ്ങനെയൊരു അനുഭവമുണ്ടാകരുതെന്ന് ആഗ്രഹിച്ച് ഇങ്ങനെയുള്ള പരിശീലനങ്ങൾക്ക് വേദിയൊരുക്കുന്നത്. നമുക്കൊക്കെ പറ്റിയതുപോലെ ഇവർക്ക് പറ്റാതിരിക്കട്ടെ എന്നും മമ്മൂട്ടി പറഞ്ഞു . രണ്ട് ദിവസമായി’അമ്മ കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്ച നൃത്ത ശില്പശാലയുടെ സമാപന ചടങ്ങിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫും എത്തിയിരുന്നു. അമ്മയുടെ യുടെ പുതിയ ഭരണസമിതിയുടെ പരിഷ്കാരങ്ങളാണിത്. നമ്മുടെ പിന്നാലെ വരുന്നവര്‍ക്ക് നമ്മൾ തന്നെ വഴിയൊരുക്കി കൊടുക്കണം. അതാണ് അമ്മയുടെ ഈ പരിപാടിയിൽ കൂടി ഉദ്ദേശിക്കുന്നത്.’മമ്മൂട്ടിയുടെ വാക്കുകൾ. ചടങ്ങില്‍ മമ്മൂട്ടി പങ്കെടുക്കുന്നുവെന്നത് അറിയാതെയാണ് ബേസിൽ ജോസഫ് എത്തിയത്. ആ ഞെട്ടൽ ബേസിലിന്റെ മുഖത്തും പ്രകടമായിരുന്നു. തുടർന്ന് ബേസിൽ നടത്തിയ പ്രസംഗത്തിലും ഇക്കാര്യം താരം തുറന്നു പറയുകയുണ്ടായി. താൻ ആദ്യമായാണ് ‘എഎംഎംഎ’യുടെ ഓഫിസിലേക്കുവരുന്നത്. ഇപ്പോഴാണ് മെംബർഷിപ്പ് എടുക്കുന്നത്. ഇവിടെ വന്ന് ഇരിക്കുമ്പോൾ മമ്മൂക്ക വരുന്നു. തന്നോട് അക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയൊരു സമാപനച്ചടങ്ങ് ഉണ്ടെന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഓഫിസിൽ വന്നപ്പോഴാണ് സിദ്ദിഖ് ഇക്ക പറയുന്നത്, ‘മമ്മുക്കയും വരുന്നുണ്ട് ഒരു ബലത്തിനെന്ന്’. അതിച്ചിരി കൂടുതൽ ബലമായി പോയി എന്നാണ് ബേസിൽ ജോസഫിന്റെ വാക്കുകൾ. അതേസമയം ക്യാമ്പിൽ പങ്കെടുത്തവർക്ക് മമ്മൂട്ടിയും ബേസിലും ചേർന്ന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു












