
വന്ദേഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്ത ഒരു കുടുംബത്തിന് നൽകിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടി. ഓഗസ്റ്റ് 19നാണ് സംഭവം. ഷിർദ്ദിയിൽ നിന്ന് മുംബൈയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിൽ കുടുംബം യാത്ര ചെയ്യുകയായിരുന്നു. കുടുംബം ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയിലാണ് ചത്ത പാറ്റയെ കിട്ടിയതെന്ന് റിക്കി ജെസ്വാനി എന്നയാൾ എക്സിൽ കുറിച്ചു. ദിവ്യേഷ് വാങ്കേദ്കർ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്സിൽ പോസ്റ്റ് ചെയ്തത്. ചത്ത പാറ്റയെ കിട്ടിയ പരിപ്പ് കറിയുടെ ചിത്രവും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി) ജെസ്വാനി നൽകിയ പരാതിയുമെല്ലാം പോസ്റ്റിലുണ്ട്.
ട്രെയിനിൽ യാത്രക്കാർക്ക് വിളമ്പുന്ന ഭക്ഷണത്തിൻറെ ഗുണനിലവാരത്തെക്കുറിച്ച് ജെസ്വാനിയുടെ മകൻ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ”സർ, താങ്കൾക്കുണ്ടായ അസൗകര്യത്തിൽ അഗാധമായി ഖേദിക്കുന്നു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സേവന ദാതാവിന് പിഴ ചുമത്തുകയും സേവന ദാതാവിൻറെ അടുക്കള യൂണിറ്റ് സമഗ്രമായി പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്” – സംഭവത്തിൽ ഐഎസ്ആർടിസി പ്രതികരിച്ചത് ഇങ്ങനെയാണ്.











