മമ്മൂക്കയുടെ സ്പെഷ്യൽ ബിരിയാണി ; ഇത്തവണ ഗൗതം വസുദേവ് മേനോനും 

മമ്മൂട്ടി ചിത്രങ്ങളുടെ സെറ്റിൽ സ്ഥിരം കാണ്ടുവരുന്നൊരു കാര്യമുണ്ട്. എല്ലാവർക്കുമായി മമ്മൂട്ടി  ഒരുക്കുന്ന ബിരിയാണി വിരുന്ന്. ഇത്  ഒരു പതിവു കാഴ്ചയാണ്. ബിരിയാണി റെഡിയായാൽ മമ്മൂട്ടി തന്നെ ദം പൊട്ടിച്ച്, സ്വന്തം കയ്യാൽ സ്നേഹത്തോടെ എല്ലാവർക്കും വിളമ്പികൊടുക്കും. ആരാധകർ പറയുന്നത് ‘മമ്മൂക്കയുടെ സ്പെഷ്യൽ ബിരിയാണി’, എന്നാണ്.

അത്തരത്തിലൊരു വീഡിയോ വീണ്ടും എത്തിയിരിക്കുകയാണ്.  പുതിയ സിനിമയുടെ ലൊക്കേഷനിൽ ബിരിയാണി ചെമ്പ് പൊട്ടിച്ച് വിളമ്പുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഒപ്പം നടനും സംവിധായകനുമായ ​ഗൗതം വാസുദേവ് മേനോനും ഉണ്ട്. വർഷങ്ങളായി മമ്മൂട്ടിയുടെ സെറ്റിൽ കണ്ട് വരുന്ന മനോഹരമായൊരു കാഴ്ചയാണിത്. തന്റെ സീൻ തീരുന്ന ദിവസമാണ് തന്റെ കൈ കൊണ്ട് ഒരു സ്പെഷ്യൽ ചിക്കൻ ബിരിയാണി മമ്മൂട്ടി വിളമ്പുന്നതെന്നാണ് ആരാധകർ പറയുന്നത്.

അണിയറ പ്രവർത്തകർക്ക് ഒപ്പമിരുന്ന് തന്നെ മമ്മൂട്ടിയും ആഹാരം കഴിക്കുന്നുണ്ട്. എന്തായാലും പുതിയ വീഡിയോ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ലൊക്കേഷനിലെ ‘മമ്മൂട്ടി ബിരിയാണി’ എന്ന പതിവിനു പിന്നിൽ രസകരമായൊരു കഥയുണ്ടെന്ന് മുൻപ് ഒരു അഭിമുഖത്തിൽ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

ഒരു ചെറിയ പൊതിചോറിൽ നിന്നാണ് ഈ ബിരിയാണിയുടെ തുടക്കം. ‘ഹരികൃഷ്ണന്‍സി’ന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഇലച്ചോറു കഴിക്കാനുള്ള തന്റെ കൊതി മമ്മൂട്ടി ഭാര്യ സുൽഫത്തിനെ അറിയിക്കുന്നു. ലൊക്കേഷനിലെത്തിയ സുൽഫിത്ത് കൊടുത്ത പൊതിചോറ് അന്ന് മോഹന്‍ലാല്‍ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് കഥ. പിന്നീട് വീട്ടിൽ നിന്നും സുൽഫിത്ത്  ലൊക്കേഷനിലേക്ക് കൊടുത്തുവിടുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറി. അങ്ങനെയാണ് സെറ്റിൽ എല്ലാവർക്കും താൻ ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങിയതെന്നാണ് ഒരിക്കൽ ഇതിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

ഭക്ഷണത്തിന്റെ രുചി അതു സ്നേഹത്തോടെ വിളമ്പി കൊടുക്കുമ്പോൾ കൂടുമെന്നു വിശ്വസിക്കുന്ന ഒരാളാണ്  മമ്മൂട്ടി. സ്നേഹത്തോടെ ഭക്ഷണം ഊട്ടിക്കുന്ന മമ്മൂട്ടിയെ കുറിച്ച് സഹപ്രവർത്തകരായ അഭിനേതാക്കൾ പലപ്പോഴും പല അഭിമുഖങ്ങളിലും വാചാലരാവാറുണ്ട്.   സ്വാദിഷ്ടമായ ബിരിയാണി, നിറഞ്ഞ മനസ്സോടെ കഴിക്കുന്ന പ്രിയപ്പെട്ടവരെ കാണുന്നതിൽ പരം സന്തോഷമെന്ത് എന്ന സംതൃപ്തിയോടെ നല്ലൊരു ആതിഥേയനാവുന്ന മമ്മൂട്ടിയെ കുറിച്ച് താരത്തിനൊപ്പം അഭിനയിച്ച പലരും പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

മുൻപൊരിക്കൽ  ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയ നടൻ സൂര്യയ്ക്ക് ബിരിയാണി വിളമ്പി കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

” പ്രിയപ്പെട്ട മമ്മൂട്ടി സാർ, നിങ്ങളുടെ സമയത്തിനും വിവേകത്തോടെയുള്ള നല്ല വാക്കുകൾക്കും നന്ദി! മികച്ച ആതിഥ്യമര്യാദയും സ്വാദിഷ്ടമായ ഭക്ഷണവും ആസ്വദിച്ചു,” എന്നായിരുന്നു ഇതിനെ കുറിച്ച് സൂര്യ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.

എത്രയോ വർഷങ്ങളായി മമ്മൂട്ടി പിൻതുടരുന്ന ആ പതിവ് ഇപ്പോൾ മകൻ ദുൽഖർ സൽമാനും പിൻതുടരുന്നുണ്ട്. കേരളത്തിനകത്ത് ഷൂട്ടിങ് അവസാനിക്കുന്ന ദുൽഖർ സൽമാൻ ചിത്രങ്ങളുടെ ലൊക്കേഷനുകളിലും ബിരിയാണി വിളമ്പും. അതേസമയം നിലവില്‍ ‘ബസൂക്ക’ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് കാത്തിരിക്കുന്നത്.

ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ബസൂക്കയുടെ ടീസറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം, ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയും ഒരുങ്ങുകയാണ്.

ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. കോമഡി-ത്രില്ലർ ജോണറിൽ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുമെന്ന റിപ്പോർട്ടുകളുണ്ട്.

മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.  തിരുവോണ ദിനമായ സെപ്റ്റംബർ 15 ന് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടുമെന്നാണ് വിവരം. കൂടാതെ സെപ്റ്റംബർ രണ്ടാം വാരത്തോടെ ചിത്രീകരണം പൂർത്തിയാകുമെന്നും സൂചനകളുണ്ട്. ചിത്രത്തിൽ പ്രൈവറ്റ് ഡിറ്റക്ടീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷെര്‍ലക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് നീരജ് വ്യക്തമാക്കിയിരുന്നു. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടര്‍ബോ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു.