ജയസൂര്യക്കെതിരെയുള്ള പരാതി : പിൻവലിക്കാൻ സമ്മർദ്ദമെന്ന് നടി 

ജയസൂര്യയ്‌ക്കെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പരാതിക്കാരിയായ  നടി. പുരുഷന്മാരും സ്ത്രീകളുമടക്കം ഫോണില്‍ വിളിക്കുന്നുണ്ട്. ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞാണ് ഫോണ്‍ വരുന്നത്, എന്നാല്‍ തനിക്കുള്ള പിന്തുണ മാധ്യമങ്ങളാണ്, ഇനിയും പ്രതികരിക്കും എന്നും നടി വ്യക്തമാക്കി.  മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് വരെ ആളുകള്‍ വിളിക്കുന്നുണ്ട്. പൈസയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു ഓഡിയോ വന്നിരുന്നു. ജയസൂര്യയുടെ വലിയൊരു സിനിമ ഇറങ്ങാന്‍ പോകുകയാണ്, സിനിമയെ ഈ കേസ് ബാധിക്കില്ലേ എന്ന് ഒരാള്‍ ചോദിച്ചിരുന്നു.

ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നടന്റെ പേര് വെളിപ്പെടുത്തിയത്. പൊലീസിനെ കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താനായിട്ടുണ്ട്. കൂത്താട്ടുകുളത്തിനടുത്തുള്ള പന്നിഫാമില്‍ കൊണ്ടുപോയിരുന്നു. ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും കൃത്യം നടന്ന സ്ഥലം തിരിച്ചറിഞ്ഞു. മുഴുവന്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് പോരാടുന്നത്. ഇത്തരമൊരു കാര്യത്തിന് മാധ്യമശ്രദ്ധ നേടിയെടുക്കേണ്ട ആവശ്യമില്ല എന്നാണ് പരാതിക്കാരിയായ നടി പറയുന്നത്.

തിരുവനന്തപുരം സ്വദേശിയായ നടിയാണ് 2013ല്‍ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. മേക്കപ്പ് ചെയ്ത് ടോയലറ്റില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ ജയസൂര്യ പിന്നില്‍ നിന്ന് കടന്ന് പിടിച്ചു എന്നാണ് പരാതി. അതേസമയം തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും  നടൻ ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിചു. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും താര അറിയിച്ചു.