ഹേമ കമ്മിറ്റിയിൽ മാധ്യമങ്ങളെ വിലക്കാനാവില്ല ; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചു എന്നാണ് കോടതി പറഞ്ഞത്. 2021 ൽ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറിയിട്ടും എന്ത് കൊണ്ടാണ് നടപടി എടുക്കാതിരുന്നത് എന്ന് കോടതി ചോദിച്ചു. ​

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. ബലാത്സം​ഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകൾ റിപ്പോർട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി,ഇതുവരെ  നടപടി എടുത്തില്ലെന്നത് ആശ്ചര്യമാണെന്നും അഭിപ്രായപ്പെട്ടു.

റിപ്പോർട്ടിൻമേൽ ഇതുവരെ സർക്കാർ ഒരു ചെറുവിരൽ അനക്കിയോ എന്നും ചോദിച്ചു. റിപ്പോർട്ടുമായി ബന്ധപ്പെട്ട കുറ്റക‍ൃത്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് പ്രത്യേകാന്വേഷണ സംഘം പരിശോധിക്കേണ്ടതെന്നും കേസിലെ പരാതിക്കാരിക്ക് കേസുമായി മുന്നോട്ട് പോകേണ്ട എന്നാണെങ്കിൽ അത് മാനിക്കണമെന്നും റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം നിലനിർത്തണമെന്നും പരാതി നൽകിയവർക്കും ഇരകൾക്കും സമ്മർദ്ദമുണ്ടാകുന്ന സാഹചര്യം ഉണ്ടാവരുതെന്നും കോടതി പറഞ്ഞു .

മൂന്ന് വർഷം സർക്കാർ നടപടിയെടുത്തില്ല എന്നുള്ളത് ആശ്ചര്യം ഉളവാക്കുന്നതാണെന്നും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടതുണ്ടെന്നത് സാമാന്യ കാര്യമാണെന്നും അതുണ്ടായില്ലെന്നും റിപ്പോർട്ടിലെ ബലാത്സം​ഗം, പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള വസ്തുത ഉണ്ട്. കേസെടുക്കാനുള്ള വാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് കമ്മിറ്റി വെച്ചതെന്നും റിപ്പോർട്ടിൽ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ലെന്നായിരുന്നു സർക്കാർ വാദം. റിപ്പോർട്ടിൻമേലുള്ള ശുപാർശകൾ നടപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു തുടങ്ങിയിരുന്നെന്നും കോടതിയെ അറിയിച്ചു. ഒരു കുറ്റകൃത്യം നടന്നുവെന്ന് അറിഞ്ഞാൽ കണ്ണടച്ചിരിക്കാൻ സർക്കാരിന് കഴിയുമോ? അന്വേഷണത്തിന് തടസ്സമെന്താണെന്നും കോടതി ചോദിച്ചു.

സർക്കാരിന് ലഭിച്ച പൂർണമായ റിപ്പോർട്ട് അതേപടി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. എഫ് ഐ ആർ വേണമോ എന്ന് റിപ്പോർട്ട് പരിശോധിച്ച ശേഷം അന്വേഷണ സംഘം തീരുമാനിക്കണം. സ്വീകരിച്ച നടപടി എന്തെന്ന് അന്വേഷണ സംഘം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. മാധ്യമങ്ങളെ വിലക്കാനാവില്ല. മാധ്യമങ്ങള്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറുമെന്നും ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ വ്യക്തമാക്കി.

ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത പാലിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. സ്വയം നിയന്ത്രിക്കാൻ മാധ്യമങ്ങൾക്ക് അറിയാമെന്നും ഹൈക്കോടതി പറഞ്ഞു. ഒരു പൊലീസ് സ്റ്റേഷനില്‍ ഒരു കുറ്റകൃത്യം നടന്നതായി ആരെങ്കിലും അറിയിച്ചാല്‍ പോലും പൊലീസ് കേസെടുക്കും. എന്നാല്‍ ഇത്തരത്തില്‍ വലിയ കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് 2020 ല്‍ തന്നെ വിവരം ലഭിച്ചിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള നാടാണ് കേരളം. ഇത് സംസ്ഥാനത്തെ ഭൂരിപക്ഷം നേരിടുന്ന പ്രശ്‌നമാണ്, സിനിമയിലെ സ്ത്രീകള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ലെന്നും കോടതി നിരീക്ഷിച്ചു. 2021 ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 2021 ല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇതുവരെ ഒരു നടപടിയും ഡിജിപി കൈക്കൊള്ളാതിരുന്നത് എന്താണെന്ന് കോടതി ചോദിച്ചു.

കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് ജസ്റ്റിസ് സി എസ് സുധ ചോദിച്ചു. ബലാത്സംഗം, പോക്‌സോ കേസുകളെടുക്കാനുള്ള വസ്തുതകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പിന്നെന്തുകൊണ്ടാണ് നടപടിയെടുക്കാനാവില്ലെന്ന് പറയുന്നതെന്ന് കോടതി ആരാഞ്ഞു.

പ്രത്യേക ഡിവിഷൻ ബെഞ്ചിന് മുമ്പാകെ മുദ്രവെച്ച കവറിലാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറിയത്. ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാരും സി എസ് സുധയും ഉൾപ്പെടെ രണ്ടം​ഗ ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്. നാലര വർഷത്തോളം സർക്കാരിന്റെ കയ്യിൽ ആയിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്ത് വി‍ട്ടത്.