ഓണം ARM തൂക്കി, ടോവിനോയുടെ മാരക പെർഫോമൻസ് , ആദ്യപ്രതികരണങ്ങൾ ഇങ്ങനെ

ARM film with Tovino

ഓണം റിലീസായി എത്തിയ ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം തിയേറ്ററുകളില്‍. ടൊവിനോയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ അജയന്റെ രണ്ടാം മോഷണം 3ഡിയായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ 2ഡി പതിപ്പ് രാവിലെ ഒമ്പത് മണിക്ക് തന്നെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ഷോയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത്.

വലിയ ആവേശമാണ് സിനിമ തിയേറ്ററുകളില്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. എആര്‍എം ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ഓണം തൂക്കി എന്ന പ്രതികരണങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള മറ്റൊരു ബ്ലോക്ബസ്റ്റര്‍ എന്നാണ് പ്രേക്ഷകര്‍ സിനിമയെ വിശേഷിപ്പിക്കുന്നത്.

ടൊവിനോയുടെ അഭിനയത്തെയും ജിതിൻലാലിന്റെ മേക്കിംഗിനെയും പ്രേക്ഷകർ  പ്രശംസിക്കുന്നുണ്ട്. വിഷ്വല്‍സ്, മേക്കിങ്, ബിജിഎം, ആദ്യ പകുതിയും രണ്ടാം പകുതിയും മികച്ചതാക്കിയിരിക്കുന്നു. ബ്ലോക്ബസ്റ്റര്‍ ആകാന്‍ പോകുന്ന സിനിമ എന്നൊക്കെയാണ് അഭിപ്രായങ്ങൾ വരുന്നത്. എഡിറ്റിംഗ്, കലാസംവിധാനം, ക്യാമറ തുടങ്ങിയ വിഭാഗങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കൂടാതെ മോഹൻലാലിന്റെ ശബ്ദ സാന്നിധ്യത്തിനും തിയേറ്ററിൽ വലിയ കയ്യടി ലഭിക്കുന്നുണ്ട്.  മോഹൻലാലിനെ കൂടാതെ കോസ്മിക് വോയിസ് ആയി വിക്രം, ഡോ. ശിവരാജ് കുമാർ എന്നിവരും സിനിമയുടെ ഭാ​ഗമാകുന്നുണ്ട്.

എന്നാല്‍ ചെറിയ രീതിയിലുള്ള നെഗറ്റീവുകളും സിനിമയ്ക്കുണ്ടെന്ന അഭിപ്രായങ്ങളും ഉരുന്നുണ്ട്. ത്രീഡിയില്‍ അല്‍പം പ്രശ്‌നങ്ങളുണ്ട്. ചില കഥാപാത്രങ്ങള്‍ വേണ്ടായിരുന്നു. തിരക്കഥയില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ട്. എങ്കിലും ഓവര്‍ഓള്‍ ഗംഭീരം” എന്നാണ് സോഷ്യൽ മീഡിയയിലെ ഒരു പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ എല്ലാം അജയന്റെ രണ്ടാം മോഷണം ട്രെന്‍ഡിംഗാണ്.

2024 ലെ മികച്ച സിനിമ എന്ന് വരെ പലരും ട്വിറ്ററില്‍ എആര്‍എമ്മിനെ വിശേഷിപ്പിക്കുന്നുണ്ട്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് ടൊവിനോ തോമസ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. പ്രശസ്ത മോഷ്ടാവ് മണിയന്‍, ശക്തനായ പോരാളി കുഞ്ഞി കേളു, മുത്തച്ഛന്റെ മോശം പ്രശസ്തി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന അജയന്‍ എന്നിവരെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്.

രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ചു ഭാഷകളില്‍ റിലീസ് ചെയുന്ന ഈ ത്രീഡി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ആദ്യം 2ഡിയില്‍ ചിത്രീകരിച്ച ചിത്രം പിന്നീട് 3ഡിയിലേക്ക് മാറ്റുകയായിരുന്നു. 30 കോടിയോളം രൂപ ചെലവിലാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കിയിരിക്കുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.