മൈനാഗപ്പള്ളി കാർ അപകടത്തിൽ മകൾ നിരപരാധി, കുടിക്കിയത് ആദ്യ ഭർത്താവും അജ്‌മലും; ശ്രീക്കുട്ടിയുടെ അമ്മ 

കൊല്ലം മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിലൊരാളായ ഡോക്ടർ ശ്രീക്കുട്ടിയെ പിന്തുണച്ച് ശ്രീക്കുട്ടിയുടെ അമ്മ സുരഭി. മകള്‍ നിരപരാധിയാണെന്നും ഭർത്താവ് സോണിയും അജ്മലും ചേർന്ന് തന്റെ മകളെ ഇതിൽ കുടുക്കിയതാണെന്നും സുരഭി പറയുന്നു.

മാത്രമല്ല മകൾ മദ്യപിക്കുന്ന ആളല്ലെന്നും നിർബന്ധിപ്പിച്ച് മദ്യപിപ്പിച്ചതാവുമെന്നും ശ്രീക്കുട്ടിയുടെ ‘അമ്മ  സുരഭി ആരോപിച്ചു. അമ്മയുടെ വാക്കുകൾ ഇങ്ങനെ …. ശ്രീക്കുട്ടി കേസില്‍ നിരപരാധിയാണ്. അവള്‍ ആരെയും ഉപദ്രവിക്കില്ല  ആരുടെയും വാഹനത്തില്‍ കയറില്ല, മകളെ അവര്‍ മയക്കുമരുന്ന് നല്‍കി പാകപ്പെടുത്തിയെന്ന് സംശയിക്കുന്നുവെന്നും മകളുടെ ആഭരണങ്ങളെല്ലാം അജ്മൽ കൈക്കലാക്കിയെന്നും ‘അമ്മ ആരോപിക്കുന്നു . കൂടാതെ മകളുടെ രണ്ട് വാഹനങ്ങളും അവന്‍ അപഹരിച്ചെടുത്തുവെന്നും സുരഭി പറയുന്നു. സംഭവങ്ങള്‍ക്ക് പിന്നില്‍ ശ്രീക്കുട്ടിയുടെ ആദ്യ ഭര്‍ത്താവ് സോണിയാണെന്നാണ് സുരഭിയുടെ ആരോപണം.  തന്റെ മകളെ അകത്താക്കാന്‍ വേണ്ടി സോണിയും അജ്മലും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവമെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. കൊല്ലം മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രികരായ രണ്ട് യുവതികളെ ഇടിച്ചു വീഴ്ത്തിയ ശേഷം  അതിൽ ഒരാളുടെ ശരീരത്തു കൂടി കാർ കയറ്റി നിർത്താതെ പോകുകയായിരുന്നു  അജ്മലും ശ്രീക്കുട്ടിയും. കാറിലിരുന്ന ശ്രീക്കുട്ടിയുടെ നിർദേശപ്രകാരമാണ് കുഞ്ഞുമോളെ ഇടിച്ച ശേഷവും കാർ യുവതിയുടെ ശരീരത്തിൽ കൂടി കയറ്റി ഇറക്കിയതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു . സംഭവ സ്ഥലത്തെ നാട്ടുകാരാണ് ഇരുവരെയും പിന്തുടർന്ന് പിടിച്ചത് .

കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലി നോക്കുമ്പോഴായിരുന്നു അജ്മലും ശ്രീക്കുട്ടിയും പരിചയത്തിലാകുന്നത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയാണ് ശ്രീക്കുട്ടി. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപത്തെ വാടക വീട്ടിലായിരുന്നു ശ്രീക്കുട്ടിയുടെ താമസം. ഈ വീട്ടില്‍ സ്ഥിരം മദ്യപാനം നടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അപകടം നടന്ന തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. അതേസമയം, അജ്മല്‍ ഓടിച്ച കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം പ്രതികള്‍ കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലാണ് കാര്‍. അപകടശേഷം പ്രതികള്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നു പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. ഇന്‍ഷുറന്‍സ് കാലാവധി 2023 ഡിസംബര്‍ 13ന് അവസാനിച്ചിരുന്നു.

സംഭവത്തിൽ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് അടക്കം പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവം നടന്ന സ്ഥലത്തും പ്രതികള്‍ ഒളിവില്‍ പോയ ഇടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതിയായ അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും. ഡോക്ടര്‍ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നതാണെന്ന് മജിസ്ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികള്‍ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കേസില്‍ ഇരുവര്‍ക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയിരിക്കുകയാണ്. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര. അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ  ജോലി ചെയ്തിരുന്ന കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയിരുന്നു. അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്.