അരവിന്ദ് സ്വാമിയുടെ കരിയർ തകർച്ച, അപകടത്തിൽ കാലിന് തളർച്ച, രണ്ടാം കെട്ട് ; സിനിമ വിട്ട സൂപ്പർ റൊമാന്റിക്  ഹീറോ 

തമിഴകത്ത് ഒരു കാലത്ത് നടൻ അരവിന്ദ് സ്വാമിയുണ്ടാക്കിയ ഓളം പോലെ ഒരു നടനും തെന്നിന്ത്യൻ സിനിമ രംഗത്ത് ഉണ്ടാക്കി കാണില്ല. ദളപതി , റോജ , ബോംബൈ , അലൈപായുതൈ തുടങ്ങിയ  മണിരത്നം സിനിമകളിലൂടെ ആരാധികമാരുടെ ഹൃദയം കീഴടക്കിയ പ്രണയനായകൻ അരവിന്ദ് സ്വാമി തുടരെ തുടരെ ഹിറ്റുകളുമായി കരിയറിൽ മുന്നേറുകയായിരുന്നു. കൂട്ടത്തിൽ അരവിന്ദ് സ്വാമി- ശ്രീദേവി ജോഡിയിൽ ഭരതൻ സംവിധാനം ചെയ്ത ദേവരാഗവും അരവിന്ദ് സ്വാമിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളായിരുന്നു .

എന്നാൽ പക്ഷെ പലപ്പോഴും നാടകീയമായാണ് അരവിന്ദ് സ്വാമിയുടെ കരിയറും ജീവിതവും മുന്നോട്ട് പോയത്. റൊമാന്റിക് ഹീറോ ആയെങ്കിലും ഒരു ഘട്ടത്തിൽ നടൻ ഇത്തരം വേഷങ്ങളിലേക്ക് സ്റ്റീരിയോടെെപ് ചെയ്യപ്പെടുകയായിരുന്നു. സിനിമയിൽ മികച്ച റൊമാന്റിക് ഹീറോ ആയിരുന്നെങ്കിലും വ്യക്തി ജീവിതത്തിൽ നടന് പല വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നു .

അതുകൊണ്ടുതന്നെ വ്യക്തിപരമായ ചില കാരണങ്ങളാൽ അരവിന്ദ് സ്വാമി കരിയറിൽ നിന്നും കുറേക്കാലം മാറി നിന്നു. വർഷങ്ങൾക്ക് ശേഷം സിനിമാ രം​ഗത്തേക്ക് തിരിച്ച വന്ന നടൻ തനി ഒരുവൻ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ പഴയ താരമൂല്യം തിരികെ നേടിയെടുക്കുകയും ചെയ്തു .

ഇപ്പോൾ പുറത്തിറങ്ങിയ അരവിന്ദ് സ്വാമി – കാർത്തി കൂട്ടുകെട്ടിൽ എത്തിയ ‘മെയ്യഴകൻ’ മികച്ച പ്രതികരണവുമായി തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് . സുഹൃത് ബന്ധത്തിന്റെ ആഴം കാട്ടുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു .

എന്നാൽ തന്റെ 30ാം വയസിലാണ് അരവിന്ദ് സ്വാമി സിനിമ വിടുന്നത്. ഇതിന് കാരണം കരിയറിലെ തകർച്ചയാണെന്നാണ്  അദ്ദേഹം പറഞ്ഞിട്ടുള്ളത് . 1990 കളുടെ അവസാനത്തിൽ അരവിന്ദ് സ്വാമിയുടെ കരിയർ അത്ര സു​ഗമമായല്ല മുന്നോട്ട് പോയത്. ‘എഞ്ചിനീയർ, മുദൽ മുദലാ​ക, ശാസനം’ എന്നീ സിനിമകൾ മു‌ടങ്ങിപോയി. പിന്നീട് ‘ശാസനം’ വർഷങ്ങൾക്ക് ശേഷം 2006 ലാണ് റിലീസ് ചെയ്തത്. മറ്റ് രണ്ട് സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്തതുമില്ല.

അരവിന്ദ് സ്വാമിക്ക് ബോളിവുഡ‍ിൽ നിന്ന് വന്ന പല പ്രൊജക്ടുകളും അക്കാലത്ത് മുടങ്ങി. ഐശ്വര്യ റായ്ക്കൊപ്പമുള്ള സിനിമയായിരുന്നു അതിൽ ഒന്ന്. അതും അദ്ദേഹത്തിന്റെ സിനിമ കരിയറിൽ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ‘അലൈപായുതെ’ എന്ന മണിരത്നം ചിത്രത്തിൽ അതിഥി വേഷം ചെയ്ത ശേഷമാണ് അരവിന്ദ് സ്വാമി സിനിമ രംഗത്ത് നിന്നും ഇടവേളയെടുത്തത്.

സിനിമാ കരിയറിൽ പ്രതിസന്ധികൾ വന്നതോടെ അരവിന്ദ് സ്വാമി ബിസിനസിലേക്ക് തിരിയുകയായിരുന്നു. ബിസിനസ് ലോകത്തെ വമ്പനായിരുന്നു അരവിന്ദ് സ്വാമിയുടെ പിതാവ് വിഡി സ്വാമി. അമേരിക്കയിൽ നിന്നും ഇന്റർനാഷണൽ ബിസിനസിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണിദ്ദേഹം. കമ്പനിയുടെ ഡയരക്ടറായി ചുമതലയേറ്റ അരവിന്ദ് സ്വാമി സിനിമാ ലോകം പൂർണമായും വിട്ടു. പിന്നീട് ഇന്റർപ്രൊ ​ഗ്ലോബൽ, പ്രോറിലീസ് ഇന്ത്യ എന്നീ കമ്പനിയുടെ മേധാവികളിലൊരാളായി അരവിന്ദ് സ്വാമി ബിസിനസ് ലോകത്ത് വളർന്നു. 2005 ൽ തന്റേതായ കമ്പനി അരവിന്ദ് സ്വാമി തുടങ്ങി. ടാലന്റ് മാക്സിമസ് എന്നായിരുന്നു കമ്പനിയുടെ പേര്. 2022 ൽ ഈ കമ്പനിയുടെ മൂല്യം 3300 കോടി രൂപയായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി ഒരു വീഴ്ച അരവിന്ദ് സ്വാമിയുടെ ജീവിതത്തിലുണ്ടായി. 2005 ൽ അപകടത്തിൽ താരത്തിന്റെ നട്ടെല്ലിന് പരിക്ക് പറ്റി. കാലിന് തളർച്ച വന്നു. അരവിന്ദ് സ്വാമിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നായിരുന്നു ഇത്. അഞ്ച് വർഷത്തോളം ഇതിനായുള്ള ചികിത്സയിലായിരുന്നു അദ്ദേഹം . ഈ കാലഘട്ടത്തിൽ അരവിന്ദ് സ്വാമിക്ക് രൂപത്തിലും വലിയ മാറ്റം വന്നു. മുടി കൊഴിഞ്ഞ് വണ്ണം വെച്ച അരവിന്ദ് സ്വാമിയുടെ ദൃശ്യങ്ങൾ അന്ന് പ്രചരിച്ചപ്പോൾ പലരും ഒരു കാലത്തെ സൗന്ദര്യ ധാമായിരുന്ന നടനെ പരിഹസിച്ചു. എന്നാൽ നിശ്ചയ ദാർഡ്യത്തോടെ മുന്നോട്ട് നീങ്ങിയ അരവിന്ദ് സ്വാമി പഴയത് പോലെ ആരോ​ഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ‌

ഇതിനിടെ നടന്റെ വിവാഹ ബന്ധത്തിലും വിള്ളലുകൾ വീണു. നടന്റെ വിവാഹ മോചനം വലിയ വാർത്തയായതാണ്. 1994 ൽ ​ഗായത്രി രാമമൂർത്തിയെ വിവാഹം ചെയ്ത നടൻ 2010 ൽ വിവാഹ മോചനം നേടി. വിവാഹമോചനത്തിലേക്ക് കടക്കും മുൻപ് 14 വർഷത്തോളമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു . ഈ ബന്ധത്തിൽ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നിരുന്നു. പിരിയുമ്പോൾ ഇവരുടെ മകന് രണ്ടര വയസും മകൾക്ക് ഏഴര വയസുമായിരുന്നു പ്രായം. 2002 മുതൽ 2012 വരെയുള്ള പത്ത് വർഷത്തിൽ കുട്ടികൾക്കൊപ്പം ചെലവഴിക്കാത്ത ഒരു രാത്രി പോലും തനിക്കില്ലെന്നും അരവിന്ദ് സ്വാമി മുൻപ് പറഞ്ഞിട്ടുണ്ട്. മകൾ ഷെഫാണ്. മകൻ എഞ്ചിനീയറിം​ഗ് കഴിഞ്ഞു എന്നും ഒരു അഭിമുഖ്ത്തിൽ അരവിന്ദ് സ്വാമി പറഞ്ഞിട്ടുണ്ട്.

പിന്നീട് 2012 ൽ തന്റെ ബാല്യബല സുഹൃത്തായ അപർണ മുഖർജിയെ താരം വിവാഹം ചെയ്തു . തന്റെ 14 ആം വയസ്സുതൊട്ട് തനിക്ക് പരിചയമുള്ളയാളാണ് അപർണയെന്നും ഞങ്ങൾ പരസ്പരം വളരെയധികം സ്നേഹിക്കുന്നു , അവൾ ഇപ്പോഴും എന്നെ പിന്തുണക്കുന്നു കൂടാതെ പത്ത് വർ‍ഷമായി നിങ്ങൾ മക്കളില്ലാതെ എവിടെയും പോയിട്ടില്ല, ഇനി ഞാൻ അവരെ നോക്കിക്കോളാം പൊയ്ക്കോ എന്ന് അവളാണ് പറഞ്ഞത്, എന്റെ മക്കൾക്കും അവളെ ഇഷ്ടമാണ് എന്നാണ് രണ്ടാം ഭാര്യയെ കുറിച്ച് അരവിന്ദ് സ്വാമി ഒരിക്കൽ പറഞ്ഞിട്ടുള്ളത് .

ഇപ്പോൾ മെയ്യഴകനാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം . പ്രേംകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഇനി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങാൻ അണിയറയിൽ ഒരുങ്ങുകയാണ് .