
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബം ലോറി ഉടമയുടെ സഹോദരന്‍ മനാഫിനെതിരെയും മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മൽപ്പക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ ഉന്നയിച്ചത്.
ഇപ്പോഴിതാ കുടുംബത്തിന്റെ ആരോപണങ്ങൾ ശരിവെച്ചുകൊണ്ട് മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരെ കേസെടുത്തിരിക്കുകയാണ് കർണാടക പൊലീസ്. അര്‍ജുന് വേണ്ടി നടത്തിയിരുന്ന തിരച്ചിൽ, വഴി തിരിച്ചുവിടാൻ ഇരുവരും ശ്രമിച്ചെന്നാണ് കേസ്. കുടുംബം നടത്തിയ ആരോപണങ്ങൾ സമ്മതിച്ച് കാര്‍വാര്‍ എസ്പി എം നാരായണയും രംഗത്തെത്തി.
മനാഫ് ആദ്യഘട്ടം മുതല്‍ തിരച്ചില്‍ വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത് എന്ന് കാർവാര്‍ എസ്പി എം നാരായണ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ മനാഫ്, ഈശ്വര്‍ മാല്‍പെ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും എസ്പി വ്യക്തമാക്കി. അങ്കോള പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇരുവരും ശ്രമിക്കുന്നത് എന്നത് ജില്ലാ ഭരണകൂടത്തിന് ബോധ്യമുണ്ടായിരുന്നുവെന്നും ഔദ്യോഗിക സംവിധാനങ്ങളെ എല്ലാം നിഷേധിച്ച് കൊണ്ട് സമാന്തര തിരച്ചിലിനാണ് ശ്രമിച്ചത്. അത് ജില്ലാ ഭരണകൂടം തടഞ്ഞിരുന്നു. ഈശ്വര്‍ മാല്‍പെയ്ക്ക് അനുമതി നല്‍കാതിരുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ് എന്നും എസ്പി വ്യക്തമാക്കി.
നേരത്തെ മനാഫിനെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വൈകാരികത ചൂഷണം ചെയ്ത് മനാഫ് സ്വന്തം യൂട്യൂബ് ചാനലില്‍ കാഴ്ചക്കാരെ കൂട്ടുകയാണ് എന്നും കുടുംബം ആരോപിച്ചിരുന്നു. കാര്‍വാര്‍ എംഎല്‍എയും എസപിയും ഇത് മനസിലാക്കി തങ്ങളോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് കുടുംബം വീട്ടില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ജിതിനെ കൂടാതെ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ, അച്ഛന്‍ പ്രേമന്‍, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു.
അര്‍ജുന്റെ പേരില്‍ പലതരത്തിലുള്ള ധനശേഖരണം നടത്തുന്നുണ്ട് എന്നും കുടുംബം ചൂണ്ടിക്കാട്ടി. മനാഫ് നിര്‍ബന്ധപൂര്‍വം പണം പിരിക്കുന്നു എന്ന് പറയുന്നില്ലെന്നും എന്നാല്‍ ആളുകള്‍ അദ്ദേഹത്തിന് പണം കൊടുക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത് എന്നും കുടുംബം പറഞ്ഞു. അത് വേണ്ട എന്നും കുടുംബത്തിന് ജീവിക്കാനുള്ള സാഹചര്യം നിലവിലുണ്ട് എന്നും ജിതിന്‍ വ്യക്തമാക്കി. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത് എന്നും അര്‍ജുന്റെ കുട്ടിയെ തന്റെ മകനായി വളര്‍ത്തും എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും കുടുംബം ചോദിക്കുന്നു.
ആദ്യഘട്ടത്തില്‍ മനാഫിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയമില്ലായിരുന്നു എന്നും അതുകൊണ്ടാണ് അദ്ദേഹത്തെ തള്ളിപ്പറയാതിരുന്നത് എന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി. മറ്റ് സഹായങ്ങളൊന്നും ആവശ്യമില്ല എന്നും കുടുംബം അറിയിച്ചു. മനാഫിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇനിയും രീതി തുടര്‍ന്നാല്‍ നിയമപരമായി നേരിടേണ്ടി വരും. അദ്ദേഹത്തിന്റെ കുടുംബം പോലും ഒപ്പമില്ല എന്നാണ് മനസിലാക്കുന്നത്. അര്‍ജുന്റെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണം ഉണ്ടായി എന്നും കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട് എന്നും സഹോദരന്‍ പറഞ്ഞിരുന്നു.
മനാഫിന് യുട്യൂബ് ചാനലുണ്ട്. അവര്‍ അവിടുന്ന് വീഡിയോ എടുക്കുകയാണ്. എന്നിട്ട് അവര്‍ തമ്മില്‍ 600 പേര് കാണുന്നുണ്ട്, 700 പേര് കാണുന്നുണ്ട്, അടിപൊളിയാണ്, സൂപ്പറാണ് എന്നൊക്കെയാണ് സംസാരിക്കുന്നത്. അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും ജിതിന്‍ പറഞ്ഞു.
അര്‍ജുന്റെ ലോറി ഉയര്‍ത്തുന്നതും അവിടെ നടക്കുന്ന മറ്റു സംഭവങ്ങളുമെല്ലാം ഇവര്‍ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുന്നു. അതിന് മുഖ്യധാരാ മാധ്യമങ്ങളില്ലേ, അര്‍ജുനോടും കുടുംബത്തോടും സ്‌നേഹമുണ്ടെങ്കില്‍ അങ്ങനെ ഒരു കാര്യം ചെയ്യുമോ? മനാഫും മാല്‍പ്പെയും ചേര്‍ന്നൊരു നാടകപരമ്പരയാണ് അവിടെ നടത്തിയതെന്നും അന്നൊന്നും ഇക്കാര്യം പറഞ്ഞ് കൂടുതല്‍ വിവാദത്തിലേക്ക് കടക്കാന്‍ താത്പര്യമില്ലായിരുന്നു. ഇതെല്ലാം ഞങ്ങളെക്കൊണ്ട് ഇപ്പോള്‍ പറയിപ്പിച്ചതാണെന്നും ജിതിന്‍ വ്യകത്മാക്കി.
അര്‍ജുനെക്കിട്ടിയാല്‍ എല്ലാം നിര്‍ത്തുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ, ഇപ്പോഴും നിര്‍ത്തുന്നില്ല. അര്‍ജുന്റെ പേരും പറഞ്ഞ് പബ്ലിസിറ്റിക്കുവേണ്ടി ഇപ്പോഴും മനാഫ് ഓടിനടക്കുന്നുവെന്നും കുടുംബം പറയുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരലൊന്നും നടക്കില്ലെന്ന് കുടുംബത്തെ പറഞ്ഞ് പറ്റിച്ച്, മനാഫ് ആക്ഷന്‍ കമ്മിറ്റിയടക്കം രൂപീകരിച്ച് കാര്യങ്ങളെ അയാളുടെ വഴിക്ക് നീക്കുകയാണ് ചെയ്തത്.
ഒരു കോടി രൂപയ്ക്ക് കൊണ്ടുവന്ന ഡ്രഡ്ജര്‍ കൊണ്ട് കാര്യമില്ലെന്നും മലപ്പുറത്തുനിന്നുള്ള ഡ്രഡ്ജര്‍ മതിയെന്നും മനാഫ് പറഞ്ഞതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നെന്നും കുടുംബം വ്യകതമാക്കുന്നുണ്ട്. അതേസമയം കുടുംബത്തിന്റെ ആരോപണങ്ങളെല്ലാം മനാഫ് നിഷേധിക്കുകയായിരുന്നു. ആരില്‍ നിന്ന് പണം വാങ്ങിയിട്ടില്ല എന്നും യൂട്യൂബ് ചാനല്‍ തുടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണ് അതില്‍ എന്താണ് തെറ്റ് എന്നും മനാഫ് ചോദിച്ചു.











