തങ്ങളുടെ അവധിക്കാല യാത്രകളുടെ പ്രണയാതുരമായ നിമിഷങ്ങൾ പങ്കിട്ട് എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ; ചിത്രങ്ങൾ വൈറലാവുന്നു

എം.ജി ശ്രീകുമാറിനെ അറിയുന്നത് പോലെ തന്നെ ഏവർക്കും ഭാര്യ ലേഖയെയും അറിയാം. ഇരുവരും തമ്മിലുള്ള ബന്ധത്തിന് മുപ്പത്തിയഞ്ച് വർഷത്തിന്റെ ദൃഢതയുണ്ട് ഇന്ന്. വയസ് അറുപത് പിന്നിട്ടുവെങ്കിലും അടുത്തിടെ വിവാഹം കഴിഞ്ഞ ദമ്പതികളെപ്പോലെയാണ് ശ്രീകുമാർ ലേഖയ്‌ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുന്നത്. സാധിക്കുമ്പോഴെല്ലാം ഇരുവരും യാത്രകൾ പോകും. ഇപ്പോഴിതാ അത്തരത്തിൽ നടത്തിയ ഒരു അവധിക്കാല യാത്രയ്ക്കിടെ പകർത്തിയ പ്രണയം നിറഞ്ഞ ചിത്രം പങ്കിട്ട് എത്തിയിരിക്കുകയാണ് ലേഖ.

ഇരുവരും ഇപ്പോൾ‌ ന്യൂയോർക്ക്, ഫ്ലോറിഡ എന്നിവടങ്ങളിലൂടെയെല്ലാമായി അവധിക്കാല യാത്രയിലാണ്. ഫോർട്ട് ഫ്ലോറിഡയിൽ ഭർത്താവിനൊപ്പം സ്വിം സ്യൂട്ടിൽ സ്വിമ്മിങ് പൂളിൽ റിലാക്സ് ചെയ്യുന്ന ചിത്രമാണ് ലേഖ സോഷ്യൽ‌മീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോ അതിവേ​ഗത്തിൽ വൈറലായി. ഫേസ്ബുക്കിലും ഇതേ ചിത്രം ലേഖ പങ്കുവെച്ചിരുന്നുവെങ്കിലും പിന്നീട് അത്  താരപത്നി നീക്കം ചെയ്തു. തങ്ങൾ അവധി ആഘോഷിക്കാനുള്ള യാത്രയിലാണെന്ന് രണ്ട് ദിവസം മുമ്പ് വിജയ് യേശുദാസിനും ഭർത്താവ് എംജി ശ്രീകുമാറിനുമൊപ്പം ഫ്ലൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് ലേഖ കുറിച്ചിരുന്നു.

ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. ഊർമിള ഉണ്ണി അടക്കമുള്ള സെലിബ്രിറ്റികൾ ഇരുവരുടെയും പുതിയ കപ്പിൾ ഫോട്ടോയ്ക്ക് സ്നേഹം അറിയിച്ച് എത്തി. അതേസമയം ഗായകൻ എന്നതിന് പുറമെ അവതാരകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായുമെല്ലാം എംജി ശ്രീകുമാര്‍ സജീവമാണ്. ഗായകന്റെ ജീവിതവും പ്രണയവും വിവാഹവുമെല്ലാം സിനിമാക്കഥ പോലെ സംഭവ ബഹുലമാണ്.

ഗായകൻ എംജി ശ്രീകുമാറും ഭാര്യ ലേഖയും പണ്ടും ഇപ്പോഴും സ്വന്തം താൽപര്യങ്ങൾക്കും സന്തോഷത്തിനുമാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കാൾ വില നൽകുന്നത്. ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഇതുപോലെ മനോഹരമായ ഒരു ദാമ്പത്യം ഇരുവർക്കും ഉണ്ടാകുമായിരുന്നില്ല. ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിന് കേരളത്തിൽ പ്രചാരം ലഭിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ തിരുവനന്തപുരം പോലൊരു ന​ഗരത്തിൽ അതും പതിനാല് വർഷത്തോളം ലിവിങ് ടു​ഗെതർ‌ റിലേഷൻഷിപ്പിൽ കഴിഞ്ഞവരാണ് ഇരുവരും. പിന്നീടാണ് 2000ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായത്. എം.ജി ശ്രീകുമാറുമായി പ്രണയത്തിലാകുമ്പോൾ‌ വിവാഹമോചിതയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമായിരുന്നു ലേഖ. എം.ജി ശ്രീകുമാറിന് ഇപ്പോൾ എല്ലാമെല്ലാം ലേഖയും ലേഖയുടെ മകളുടെ കുടുംബവുമാണ്.

മുൻപും തന്റേയും എംജി ശ്രീകുമാറിന്റെയും പ്രണയത്തെക്കുറിച്ച് അഭിമുഖങ്ങളിൽ ലേഖ ശ്രീകുമാർ സംസാരിച്ചിട്ടുണ്ട്. തനിക്കായി എംജി ശ്രീകുമാർ കാത്തിരുന്നതിനെക്കുറിച്ചാണ് ലേഖ ശ്രീകുമാർ സംസാരിച്ചത്. 14 വര്‍ഷവും താന്‍ വിവാഹം വേണ്ടെന്ന് വച്ചത് തന്റെ മകള്‍ക്ക് വേണ്ടിയാണ്. താന്‍ മകളുമായി വളരെ അറ്റാച്ച്ഡ് ആണ്. തനിക്ക് 18 വയസുള്ളപ്പോള്‍ ജനിച്ച മകളാണ്. മകളും താനും സുഹൃത്തുക്കളെ പോലെയാണ്. അവള്‍ അന്ന് ഊട്ടിയില്‍ പഠിക്കുകയായിരുന്നു. അവളുടെ എല്ലാ കാര്യങ്ങളും താന്‍ നോക്കി. അവളെ ഒരു നിലയില്‍ എത്തിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം. അല്ലാതെ സ്നേഹിച്ചൊരാളെ കല്യാണവും കഴിച്ച് മകളെ നോക്കാതെ പോകാന്‍ തനിക്കാകില്ലായിരുന്നു എന്നാണ് ലേഖ ശ്രീകുമാർ പറയുന്നത്.

മകളുടെ കല്യാണം കഴിഞ്ഞ ശേഷമാണ് താന്‍ രണ്ടാമതായി എം ജി ശ്രീകുമാറിനെ കല്യാണം കഴിച്ചതെന്നും ലേഖ ശ്രീകുമാർ പറയുന്നു. ആ പതിനാല് വര്‍ഷവും ശ്രീക്കുട്ടന്‍ തനിക്കായി കാത്തിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ നിമിത്തമായിരിക്കണം എന്ന് തോന്നുന്നു. അദ്ദേഹത്തിന് എഴുതി വച്ച ആളായിരിക്കണം താന്‍. കാത്തിരിക്കണം എന്ന് താന്‍ ഒരിക്കലും ശ്രീക്കുട്ടനോട് പറഞ്ഞിട്ടില്ലെന്നും ലേഖ ശ്രീകുമാർ പറയുന്നു. ഇതിനിടെ ഒരുപാട് വിവാഹാലോചനകള്‍ ശ്രീക്കുട്ടന് വന്നിരുന്നു. ശ്രീക്കുട്ടന്‍ വേറെ കല്യാണം കഴിക്കട്ടെ എന്ന് കരുതി താന്‍ മൂന്ന് മാസം യുഎസില്‍ പോയി നിന്നു. അദ്ദേഹം പറഞ്ഞത്, ഏത് പെണ്ണിനെ കാണുമ്പോഴും നിന്റെ മുഖമാണ് മനസിലേക്ക് വരുന്നത്. തന്റെ ജീവിതത്തില്‍ നീയല്ലാതെ വേറൊരു പെണ്ണില്ല എന്നാണ് ശ്രീക്കുട്ടൻ പറഞ്ഞതെന്നും ലേഖ ശ്രീകുമാർ പറയുന്നു. അത്രക്കും ദൃഢവും ബഹുമാനവും നിറങ്ങാതാണ് ഇരുവരുടെയും പ്രണയം .

എന്നാൽ ഏറ്റവും കൂടുതൽ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ള ദമ്പതികൾ കൂടിയാണ് ഇരുവരും. അടുത്തിടെ എംജി ശ്രീകുമാറിന്റെ പേരിൽ‌ വന്നതിൽ ഏറ്റവും പ്രചാരം നേടിയ ഒരു ​ഗോസിപ്പായിരുന്നു ഇദ്ദേഹത്തിന് ഒരു കുഞ്ഞുണ്ടെന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് താൻ അമേരിക്കയിൽ പോയി വന്നപ്പോഴാണ് ഈ ​ഗോസിപ്പ് താൻ കണ്ടതെന്നും എംജി ശ്രീകുമാർ പറഞ്ഞിരുന്നു. തങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ടെന്നത് എംജിയും ലേഖയും ഒരുമിച്ച് എടുത്ത തീരുമാനമാണ്. ലേഖയുടെ മകളെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് എംജി ശ്രീകുമാർ സ്നേഹിക്കുന്നത്. ലേഖയുടെ മകൾ ഭർത്താവിനും മകനുമൊപ്പം അമേരിക്കയിൽ സെറ്റിൽഡാണ്. ഇടയ്ക്ക് ലേഖയെ കാണാനായി കേരളത്തിലേക്ക് വരാറുമുണ്ട്. ഇടയ്ക്ക് എം ജി ശ്രീകുമാറും ലേഖയും മകൾക്കൊപ്പം അമേരിക്കയിലും പോയി താമസിക്കാറുണ്ട്. തങ്ങളെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തകള്‍ പരാമര്‍ശിച്ചു കൊണ്ട് മുൻപ് ഒരു അഭിമുഖത്തിൽ ലേഖ ശ്രീകുമാർ നൽകിയ മറുപടിയാണിത്.