ഓണം ബമ്പർ ഇത്തവണയും അതിർത്തി കടന്നു; 25 കോടി സ്വന്തമാക്കി കർണാടക സ്വദേശി

കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ജേതാവിനെ അവസാനം  കണ്ടെത്തി. മലയാളികള്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ട് ഒന്നാം സമ്മാനം ഇത്തവണയും അതിർത്തി കടന്നിരിക്കുകയാണ്. കർണാടക സ്വദേശി അൽത്താഫ് ആണ് ആ ഭാ​ഗ്യവാൻ.

കർണാടക പാണ്ഡ്യപുര സ്വദേശിയാണ് അൽതാഫ്. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്. സ്വന്തമായി വീടില്ലാത്ത അൽത്താഫ് വാടക വീട്ടിലാണ് കഴിയുന്നത്.കർണാടക സ്വദേശിയായ നാഗരാജ് എന്ന ലോട്ടറി ഏജൻ്റിൻ്റെ വയനാട്ടിലെ ലോട്ടറിക്കടയിൽ നിന്നാണ് അൽത്താഫ് ലോട്ടറിയെടുത്തത്. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കിട്ടുന്ന പണം കൊണ്ട് സ്വന്തമായി ഒരു വീട് വയ്ക്കണമെന്നാണ് തന്റെ ആഗ്രമെന്ന് അൽത്താഫ് പറഞ്ഞു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അൽത്താഫിന്റെ കുടുംബം. മകളുടെയും മകന്റെയും വിവാഹം ഗംഭീരമായി നടത്തണമെന്നതാണ് അൽത്താഫിന്റെ ആഗ്രഹം. ബാക്കി കാര്യങ്ങളെല്ലാം ആലോചിച്ച് തീരുമാനിക്കുമെന്നും അൽത്താഫ് പ്രതികരിച്ചു.

പ്രമുഖ മാധ്യമം അല്‍ത്താഫിന്റെ വീട്ടിലെത്തി ലോട്ടറി വകുപ്പിന്റെ ആപ്പ് വഴി ടിക്കറ്റിലെ ക്യുആർ കോഡ് പരിശോധിച്ച് സമ്മാനം ഉറപ്പിക്കുകയും ചെയ്തു. ഓണം ബംപർ സമ്മാന ജേതാവ് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ തുടരുന്നതിന് ഇടയിലാണ് 25 കോടി പോയിരിക്കുന്നത് കർണാടകയിലേക്കാണെന്ന വാർത്ത എത്തുന്നത്. തമിഴ്നാടുമായും കർണാടകയുമായും അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിലേക്ക് ലോട്ടറി എടുക്കാനായി നിരവധി ഇതര സംസ്ഥാനക്കാരാണ് എത്താറുള്ളത്. അത്തരത്തിലാണ് ലോട്ടറി എടുക്കാനായി അല്‍ത്താഫും വയനാട്ടിലേക്ക് എത്തിയത്.

മിക്കതവണയും വയനാട്ടിലെത്തിയാണ് അല്‍ത്താഫ് ലോട്ടറി എടുക്കാറുള്ളത്. ആദ്യഘട്ടത്തില്‍ തന്നെ വില്‍പ്പനയ്ക്ക് എത്തിച്ച ടിക്കറ്റിലാണ് അല്‍ത്താഫിനെ ഭാഗ്യം കടാക്ഷിച്ചത്. പതിവായി ലോട്ടറി എടുക്കുമ്പോൾ പലരും നിരുത്സാഹപ്പെടുത്താറുണ്ടായിരുന്നു. എന്നാലും ഇത്തവണ ബമ്പർ അടിക്കും എന്ന ആത്മവിശ്വാസത്തിൽ തന്നെ എടുക്കുകയായിരുന്നുവെന്ന് അൽത്താഫിന്റെ ബന്ധു പറഞ്ഞു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്.

പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്. എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റർ ഏജന്റ്. ഇരുപതിലേറെ വർഷമായി ലോട്ടറി ഏജന്റായി പ്രവർത്തിക്കുന്നയാളാണ് ഇദ്ദേഹം . ഒരുമാസം മുൻപ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാ​ഗരാജ് പ്രതികരിച്ചിരുന്നു. ഇപ്രാവശ്യം 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായിരുന്നു .

അതേസമയം ഓരോ കോടി വീതം 20 പേർക്ക് നൽകുന്ന രണ്ടാംസമ്മാനത്തിൽ അഞ്ചെണ്ണം തിരുവനന്തപുരത്തിനും നാലെണ്ണം വീതം പാലക്കാടിനും കൊല്ലത്തിനും മൂന്നെണ്ണം തൃശ്ശൂരിനും രണ്ടെണ്ണം പത്തനംതിട്ടയ്ക്കും ഒരെണ്ണം വീതം മലപ്പുറത്തിനും കണ്ണൂരിനും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത് ടിക്കറ്റ് പരസ്‌പരം പങ്കിട്ടെടുത്ത തമിഴ്‌നാട് സ്വദേശികള്‍ക്കായിരുന്നു. തിരുപ്പൂര്‍ സ്വദേശികളായ സ്വാമിനാഥ്, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തിരുന്നത്. കഴിഞ്ഞ വർഷം പാലക്കാട് നിന്നും വിട്ട ലോട്ടറിക്കാന് ബമ്പർ അടിച്ചത് .