
എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരേ കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം റിപോര്‍ട്ട് നല്‍കി.
10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുത്തത്. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ദിവ്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
നവീന്റെ മരണത്തിൽ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു. മരണത്തിലേക്ക് നയിച്ചത് ഗൂഢാലോചനയുടെ ഫലമാണെന്നാരോപിച്ച് സഹോദരൻ പരാതി നൽകിയിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ ഭീഷണിയും ടി.വി. പ്രശാന്തനുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയെ തുടർന്നുണ്ടായ സംഭവവുമാണ് എ.ഡി.എം. കെ. നവീൻ ബാബുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹോദരൻ കെ. പ്രവീൺ ബാബു നൽകിയ പരാതിയിൽ പറയുന്നു.

ഇതു സംബന്ധിച്ച് കണ്ണൂർ സിറ്റി പോലീസിലാണ് പരാതി നൽകിയിട്ടുള്ളത്. അതേസമയം ഇപ്പോഴും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്താണ് പി പി ദിവ്യ ഉള്ളത്. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് അംഗവുമാണ്. സ്ഥാനത്തു നിന്നും പുറത്താക്കുകയോ ദിവ്യ സ്വമേധയാ രാജി വെക്കുകയോ ചെയ്തിട്ടില്ല. ഒരു ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് ദിവ്യ രാജി വെക്കേണ്ടതായിരുന്നു എന്നാണ് പൊതുജന അഭിപ്രായം.
ദിവ്യക്കെതിരെ കേസെടുക്കാത്തതിൽ വിമർശനം ശക്തമാകുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. അന്വേഷണത്തിനായി കണ്ണൂർ പോലീസ് പത്തനംതിട്ടയിലേക്ക് എത്തും. അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന് അവര്‍ നല്‍കിയത്. അവസാനമായി നവീനെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളില്‍ പലരും ദുഃഖം സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു.
വിതുമ്പിക്കരഞ്ഞുകൊണ്ടാണ് മുന്‍ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിച്ചത്. നവീന്‍ ഒരു പാവത്താനായിരുന്നുവെന്നും മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ദിവ്യ എസ് അയ്യർ പ്രതികരിച്ചു.
“ഒറ്റക്കുടുംബമായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു വീട്ടില്‍ കഴിയുന്നത് പോലെയാണ് ഞങ്ങള്‍ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമെല്ലാം. ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളൊന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങളുടെ കൂടെ നിര്‍ലോഭം പ്രവര്‍ത്തിച്ചയാളാണ്, ഒരു പാവത്താനാണ്. ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാനാവാത്ത ആരോടും മുഖം കറുപ്പിക്കാനാവാത്ത എപ്പോഴും ഒരു ചെറിയ മന്ദസ്മിതത്തോടെ മാത്രമായിരുന്നു നവീനെ കണ്ടിരുന്നത്. കാസര്കോട്ടേക്ക് ഡെപ്യൂട്ടി കളക്ടറായി പ്രൊമോഷന്‍ കിട്ടിയപ്പോള്‍ കലക്ടറേറ്റില്‍ വെച്ചാണ് അവസാനമായി നവീനെ കാണുന്നത്.
അന്ന് ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോയൊക്കെ എടുത്തു, പിന്നെ കണ്ടിട്ടില്ലയെന്നും മെസേജ് അയച്ചിരുന്നു. നവീന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലയെന്നുമാണ് ദിവ്യ എസ് അയ്യർ പ്രതികരിച്ചത്”.
മന്ത്രി വീണ ജോര്‍ജും കണ്ണില്‍ ഈറനണിഞ്ഞുകൊണ്ടാണ് നവീന് ബാബുവിന് അന്തിമോപചാരമര്‍പ്പിച്ചത്.
അതേസമയം ചൊവ്വാഴ്ച രാവിലെയാണ് എഡിഎം നവീൻ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്‍റെ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ ഗുരുതരമായ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. അതില്‍ മനംനൊന്താണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.
ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത് . ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യ സന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി പി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു.
അതേസമയം പി പി ദിവ്യയുടെ പരാമര്‍ശം സിപിഐഎം ജില്ലാ നേതൃത്വം തള്ളി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണെന്നും തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ നേതൃത്വം പറഞ്ഞിരുന്നു.
എന്നാൽ തനിക്ക് കണ്ണൂരില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു കൊണ്ട് നവീന്‍ ബാബു സുഹൃത്തിനയച്ച സന്ദേശവും പുറത്ത് വന്നിരുന്നു. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റത്തിന് ശ്രമിച്ചെങ്കിലും സ്വന്തം സര്‍വീസ് സംഘടന സഹകരിച്ചില്ലെന്നും വാട്‌സ്ആപ് സന്ദേശത്തിലുണ്ട്. തന്നെ പത്തനംതിട്ട എഡിഎമ്മാക്കാന്‍ സിപിഐക്കാര്‍ തയ്യാറായി. എന്നാല്‍ അതിൽ സ്വന്തം സംഘടന താന്‍ അറിയാതെ ഇടപെട്ടെന്നാണ് സന്ദേശത്തിലുള്ളത്.











