
ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ വലിയ വിജയപ്രതീക്ഷകളോടെ ഈ മാസം പുറത്തിറങ്ങിയ ചിത്രമായിരുന്നു വേട്ടയ്യൻ . എന്നാൽ ഒക്ടോബർ 10 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ ബോസ്‌ഓഫീസിൽ നിലം പതിക്കുന്ന കാഴ്ചയാണ് കണ്ടത് .
വർഷങ്ങൾക്കിപ്പുറം രജിനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം , മലയാളത്തിൽ നിന്നും മഞ്ജു വാര്യരും ഫഹദ് ഫാസിലും ഒരുമിച്ച് അഭിനയിച്ച ചിത്രം എന്നിങ്ങനെ നിരവധി ഹൈപ്പും ചിത്രത്തിനുണ്ടായിരുന്നു .
160 കോടി ബഡ്ജറ്റിൽ ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചത് . എന്നാൽ ചിത്രം റിലീസിനെത്തി ആദ്യവാരം 122 .15 കോടിയാണ് ഇന്ത്യ ഒട്ടാകെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ എങ്കിൽ രണ്ടാം വാരം എത്തിയതോടെ കളക്ഷൻ നേരെ കൂപ്പുകുത്തി . ചിത്രം ഇറങ്ങി 11 ദിവസം പിന്നിട്ടിട്ടും 134 കോടി രൂപയാണ് ഇതുവരെ നേടാനായത് . മുടക്കിയ മുതൽ മുടക്ക് പോലും ഇതുവരെ നേടാനായില്ല .

ഇതോടെ നഷ്ടം നികത്തണമെന്നു ആവശ്യപ്പെട്ട് നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് സൂപ്പർസ്റ്റാർ രജിനികാന്തിനെ സമീപിച്ചിരിക്കുകയാണ് . ചിത്രത്തിൽ 125 കോടി രൂപയാണ് തലൈവർ കൈപ്പറ്റിയിരിക്കുന്നതെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് .
ആയതിനാൽ തങ്ങളുടെ അടുത്ത ചിത്രത്തിൽ തലൈവർ പ്രതിഫലം കുറച്ചുകൊണ്ട് സഹകരിക്കണമെന്നാണ് ലൈക മുന്നോട്ടിവെച്ച ആവശ്യം എന്നാണ് സൂചന . സൂപ്പർസ്റ്റാർ ഇതിനു സമ്മതം മൂളിയതായും റിപ്പോർട്ടുകൾ ഉണ്ട് .
എന്നാൽ വെട്ടയ്യന് മുൻപ് രജനികാന്തിനെ നായകനാക്കി മകൾ ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ‘ലാൽ സലാം’ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു . 80-90 കോടി ബഡ്ജറ്റിൽ ഇറങ്ങിയ ചിത്രം 17.46 കോടി രൂപയാണ് അകെ നേടിയ കളക്ഷൻ . ഇങ്ങനെ ഈ വർഷം ഇറങ്ങിയ 2 രജിനി ചിത്രങ്ങളും തുടർച്ചയായി പരാജയപ്പെട്ടതോടെ അടുത്ത ചിത്രത്തിലൂടെ ഈ വിടവ് നികത്താമെന്നാണ് ലൈക കരുതുന്നത് .
ഇപ്പോൾ ചിത്രീകരണം തുടരുന്ന ‘കൂലി ‘ അടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകൾക്ക് ശേഷം 2025 ന്റെ പകുതിയോടെ സൂപ്പർ സ്റ്റാർ ലൈകയുമായി സഹകരിക്കുമെന്നാണ് അറിയുന്നത് . തമിഴിലെ ഹിറ്റ് മേക്കർ വെങ്കട് പ്രഭു അടക്കമുള്ള സംവിധായകരെ പ്രോജക്ടിന്റെ ഭാഗമാക്കാൻ ലൈക ആലോചിക്കുന്നതായും റിപോർട്ടുകൾ ഉണ്ട് . എന്നാൽ വിജയ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ വെങ്കട് പ്രഭു ചിത്രം ‘ദി ഗ്രേറ്റസ്റ് ഓഫ് ഓൾ ടൈം ‘ കാര്യമായ വിജയം നേടിയിരുന്നില്ല . 380 -400 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ വിജയ് ചിത്രം ഏകദേശം 447 കൂടി രൂപയാണ് ബോക്‌സ് ഓഫീസിൽ ആകെ നേടിയത് .
2023 ഇത് പുറത്തിറങ്ങിയ ബോക്‌സ് ഓഫീസ് കളക്‌ഷനുകൾ തൂത്തുവാരിയ ജയിലർ ‘ നു ശേഷം കാര്യമായ വിജയ ചിത്രങ്ങളൊന്നും രജിനികാന്തിന് ലഭിച്ചിട്ടില്ല . അമിതാഭ് ബച്ചൻ , റാണ ദഗ്ഗുബദി , ഫഹദ് ഫാസിൽ , മഞ്ജു വേരിയർ തുടങ്ങിയ വമ്പൻ താരനിരയിൽ ഇറങ്ങിയ വേട്ടയ്യനും കാര്യമായ പ്രതിഭലനമൊന്നും ബോക്‌സോഫീസിൽ നേടാനായില്ല . ടിജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഏറെ പ്രതീക്ഷയായിരുന്നു . അനിരുദ്ധ് രവിചന്ദര് രചിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു . ലോകേഷ് കനഗരാജിന്റെ ‘കൂലി ‘ ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന രജിനി ചിത്രം . 2025 ഓടെ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം .











