ദീപാവലി D Q തൂക്കി; ലക്കി ഭാസ്കർ സീൻ പടമെന്ന് പ്രേക്ഷകർ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘ലക്കി ഭാസ്‌കര്‍’ ഇന്ന് മുതല്‍ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ വൻ ആവേശത്തിലാണ്.

ദീപാവലി ഡി ക്യു തൂക്കി എന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്. ലക്കി ഭാസ്കർ  കേരളത്തിലെ തീയേറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ പൊളിച്ചു എന്ന് തന്നെയാണ് പറയുന്നത്.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്‌കര്‍. കേരളത്തിലെ 180-ല്‍ പരം തീയേറ്ററുകളില്‍ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം നായകനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഒറിജിനല്‍ തെലുങ്ക് ചിത്രമാണെങ്കിലും ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യ ഇമേജ് ഈ ചിത്രത്തെ ഒരു പാന്‍ ഇന്ത്യന്‍ റിലീസാക്കി മാറ്റിയിട്ടുണ്ട്. മികച്ച അഭിപ്രായം ചിത്രം നേടുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. വിവിധ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും ആദ്യഷോയ്ക്ക് ശേഷം എക്സിലും മറ്റും അഭിപ്രായം പങ്കിടുന്നുണ്ട്. എക്സ് അക്കൗണ്ടുകളില്‍ ചിത്രത്തിന് വന്‍ കൈയ്യടിയാണ് ലഭിക്കുന്നത്.

ഡിക്യുവിന്‍റെ അഭിനയത്തിനും തിരക്കഥയ്ക്കും ഒരു പോലെ പ്രശംസ ലഭിക്കുന്നുണ്ട്. സിനിഗാസം നടത്തിയ റിവ്യൂവില്‍ നർമ്മവും ഡ്രമായും സമന്വയിപ്പിക്കുന്ന ഒരു ഹൃദ്യമായ സിനിമ, ഈ ദീപാവലിക്ക് പ്രിയങ്കരമായ സിനിമയാകും ഇത് എന്നാണ് പറയുന്നത്. സൈമ 3.5 റൈറ്റിംഗാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സമർത്ഥമായി തയ്യാറാക്കിയ ഒരു ഫിനാന്‍സ് ത്രില്ലറും ബുദ്ധിപരമായ കഥപറച്ചില്‍ രീതിയും സമന്വയിക്കുന്നു എന്നാണ് ഇവരുടെ റിവ്യൂവില്‍ പറയുന്നത്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രത്തില്‍ ഭാസ്‌കര്‍ എന്ന് പേരുള്ള ഒരു സാധാരണക്കാരനായ ബാങ്ക് കാഷ്യറായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. 2 മണിക്കൂര്‍ 30 മിനിറ്റ് 40 സെക്കന്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഒരു സാധാരണക്കാരന്റെ അസാധാരണമായ കഥ പറയുന്ന ചിത്രം. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ഹൈപ്പര്‍ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കേരളത്തിലും ഗള്‍ഫിലും വമ്പന്‍ റിലീസായി വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. ദേശീയ അവാര്‍ഡ് ജേതാവ് ജി വി പ്രകാശ് കുമാര്‍ സംഗീതമൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് നിമിഷ് രവി എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നവീന്‍ നൂലി. കലാസംവിധാനം- ബംഗ്‌ളാന്‍, പിആര്‍ഒ -ശബരി എന്നിവരാണ്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ഒക്ടോബര്‍ 31 ന് ദീപാവലി റിലീസായി എത്തിയ ഈ ചിത്രത്തിന് മികച്ച അഡ്വാന്‍സ് ബുക്കിങ്ങാണ് ആഗോള തലത്തില്‍ ലഭിച്ചത്.