
ഒരു അഭിനേതാവ് എന്ന നിലയിൽ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താൻ ചെയ്ത ഓരോ കഥാപാത്രങ്ങളും മലയാളികൾ ഇതുവരെയായിട്ടും മറന്നിട്ടില്ലെന്നും പറയുകയാണ് നടി വാണി വിശ്വനാഥ്.
മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് നടി വാണി വിശ്വനാഥിപ്പോൾ. ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ആണ് വാണിയുടെ വരാനിരിക്കുന്ന സിനിമ. സിനിമാ രംഗത്ത് നിന്നും മാറി നിന്നതിനെക്കുറിച്ചും തിരിച്ച് വരവിനെക്കുറിച്ചും സംസാരിക്കുകയാണ് വാണി വിശ്വനാഥിപ്പോൾ.
വീണ്ടും തിരക്ക് പിടിച്ച് സിനിമകൾ ചെയ്യണമെന്നില്ലയെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യണം. അതിലൂടെ തിരക്കാവുകയാണെങ്കിൽ ആകട്ടെ എന്നാണ് തനിക്കാഗ്രഹമെന്നും വാണി പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് മാറി നിന്ന കാലഘട്ടത്തെക്കുറിച്ചും വാണി സംസാരിച്ചു. മാറി നിന്ന സമയത്ത് സിനിമയെ മിസ് ചെയ്തിട്ടില്ലയെന്നും കാരണം അതിലും സന്തോഷമുള്ള കാര്യത്തിൽ ഏർപ്പെടുമ്പോൾ അത് മിസ്സാവില്ലയെന്നും ദുഖമുള്ള കാര്യത്തിൽ ഏർപ്പെടുമ്പോഴേ മിസ് ചെയ്യൂ. എന്റെ മക്കൾ എനിക്ക് സിനിമയേക്കാൾ കൂടുതൽ സന്തോഷം തന്നതാണ് എന്നും വാണി വിശ്വനാഥ് പറയുന്നു.
തിരിച്ച് വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തുള്ള സിനിമയിലൂടെ വരണമെന്നായിരുന്നു ആഗ്രഹം. വരാനിരിക്കുന്ന തന്റെ മൂന്ന് സിനിമകളും പ്രേക്ഷകർക്കിഷ്ടപ്പെടുമെന്നും വാണി വിശ്വനാഥ് വ്യക്തമാക്കി. കിംഗ് എന്ന സിനിമയിലിലെ ഡയലോഗിനെക്കുറിച്ചും വാണി വിശ്വനാഥ് സംസാരിച്ചു.

മമ്മൂക്ക നായകനായെത്തിയ ‘ദി കിംഗിലും’, ഡാനി’ എന്ന ചിത്രത്തിലും ഞാൻ അഭിനിയിച്ചിരുന്നു. രണ്ടിലും മമ്മൂക്കയെ എതിർക്കുന്ന കഥാപാത്രമായിരുന്നു എന്റേത്. മമ്മൂക്കയെ അടിക്കാനായോങ്ങുമ്പോൾ ഇനി നിന്റെ കൈ ഒരാണിന് നേരെയും ഉയരരുതെന്ന അദ്ദേഹത്തിന്റെ ഡയലോഗുണ്ട്. എന്നാൽ അതിനുശേഷമാണ് സിനിമകളിൽ എന്റെ കൈ മറ്റുളള കഥാപാത്രങ്ങൾക്കുനേരെ ഉയരാൻ തുടങ്ങിയത് എന്നാണ് വാണി വിശ്വനാഥ് ചിരിയോടെ പറഞ്ഞത്.
പലഭാഷകളിലും ശക്തമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു. മലയാള സിനിമയിൽ നോക്കുമ്പോൾ എന്റെ മിക്ക കഥാപാത്രങ്ങളോടൊപ്പവും മമ്മൂക്കയും ലാലേട്ടനും ഉണ്ടായിരുന്നു. അവരോടൊപ്പം ശക്തമായ കഥാപാത്രങ്ങളാണ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ എന്റെ കഥാപാത്രങ്ങളിൽ അവരുടെ അംശവും ഉണ്ടായിരിക്കും. മഹാനടൻമാരുടെ ചില മാനറിസങ്ങളും എന്റെ കഥാപാത്രങ്ങളിൽ വരുന്നുണ്ട്.
നടി വിജയശാന്തിയുടെ മലയാളം വേര്‍ഷനായിരുന്നു തന്നിൽ നിന്നും ആളുകൾ പ്രതീക്ഷിച്ചിരുന്നതെന്നും തെലുങ്കിൽ വിജയശാന്തി മാം പൊലീസ് വേഷങ്ങൾ ചെയ്യുമ്പോൾ താൻ തെലുങ്കിൽ ഗ്ലാമർ വേഷങ്ങളാണ് ചെയ്ത് കൊണ്ടിരുന്നത്. ഇങ്ങനെ എനിക്കൊക്കെ ചെയ്യാൻ പറ്റുമോ എന്ന് അന്ന് തോന്നിയിട്ടുണ്ട്. പിന്നീട് മലയാളത്തിലേക്ക് വന്ന് തനിക്ക് അത്തരം കഥാപാത്രങ്ങൾ ലഭിച്ചെന്നും വാണി വിശ്വനാഥ് ചൂണ്ടിക്കാട്ടി. എന്റെ സിനിമാജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ് എന്റെ വലിയൊരു ആരാധകനാണെന്ന് പറഞ്ഞത് ഒരിക്കലും മറക്കാൻ സാധിക്കില്ല.
എ കെ ആന്റണി സാർ മുഖ്യമന്ത്രിയായിരുന്ന സമയത്തും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ മറക്കാൻ കഴിയാത്ത സന്തോഷങ്ങളാണ് എന്നും തിരിച്ചുവരവിലൂടെ സിനിമയിൽ തിരക്കാകണം എന്ന ചിന്തയില്ല. നല്ല കഥാപാത്രങ്ങൾ കിട്ടുകയാണെങ്കിൽ ചെയ്യുമെന്നും വാണി വിശ്വനാഥ് പറയുന്നു. അതേസമയം നവംബർ എട്ടിനാണ് ഒരു അന്വേഷണത്തിന്റെ തുടക്കം റിലീസ് ചെയ്യുന്നത്. എംഎ നിഷാദ് സംവിധാനം ചെയ്യുന്ന സിനിമയിൽ സ്വാസിക, ഷൈൻ ടോം ചാക്കോഎന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് .
അതേസമയം നടൻ ബാബുരാജിനെ വിവാഹം ചെയ്ത ശേഷമാണ് വാണി വിശ്വനാഥ് കരിയറിൽ സജീവമല്ലാതായത്. 2002 ലാണ് വാണി വിശ്വനാഥ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്. ബല്‍റാം വേഴ്സസ് താരാദാസ്, ബ്ലാക്ക് ഡാലിയ, ചിന്താമണി കൊലക്കേസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. താരദമ്പതികള്‍ക്ക് നാല് മക്കളാണുള്ളത്. മറ്റ് ഭാഷകളിൽ ഇടയ്ക്ക് സിനിമകൾ ചെയ്തപ്പോഴും മലയാളത്തിൽ സിനിമകളിൽ തെരഞ്ഞെടുക്കുന്നതിൽ വാണി വലിയ ശ്രദ്ധ നൽകി.











