
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറയാറുള്ള ഒരു വാർത്തയാണ് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയുടെ സ്വകാര്യ ജീവിതം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടി രശ്മിക മന്ദാനയുമായി വിജയ് ദേവരകൊണ്ട പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ പ്രചരിക്കുന്നത്.
അതിനുള്ള കാരണം ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളാണ്. ഇപ്പോഴിതാ ആദ്യമായി തന്റെ പ്രണയത്തെ കുറിച്ചും വിവാഹം എന്നിവയടക്കമുള്ളതിനെ കുറിച്ചും വിജയ് ദേവരകൊണ്ട മനസ് തുറന്നിരിക്കുന്നു. കേളി ടെയ്ൽസ് എന്ന ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജയ് ദേവരകൊണ്ട.
താൻ ഇപ്പോൾ പ്രണയത്തിലാണെന്നും ഒപ്പം അഭിനയിച്ചിട്ടുള്ള നടിയെ പ്രണയിച്ചിട്ടുണ്ടെന്നും സംഭാഷണത്തിനിടെ താരം തുറന്ന് സമ്മതിച്ചു. തനിക്ക് 35 വയസായി. അതുകൊണ്ട് തന്നെ താൻ ഇപ്പോഴും സിംഗിളായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന് അവതാരകയോട് ചോദിച്ച് കൊണ്ടാണ് നടൻ പ്രണയത്തെപ്പറ്റി സംസാരിച്ച് തുടങ്ങുന്നത്.

ഒപ്പം അഭിനയിച്ച നടിയെ പ്രണയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒട്ടും മടിയില്ലാതെ ഉണ്ടെന്ന് നടൻ തുറന്ന് സമ്മതിക്കുകയും ചെയ്തു. പ്രണയ ബന്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ശക്തമായ ഒരു സൗഹൃദം കെട്ടിപ്പടുക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് താരം പറഞ്ഞു. എന്നാൽ പക്ഷെ താൻ അങ്ങനെ ഒരാളെ പരിചയപ്പെട്ട ഉടനെ ഒന്നും ഡേറ്റിന് പോകാറില്ല എന്നും നടൻ വെളിപ്പെടുത്തുന്നു. ഒരാളെ പരിചയപ്പെട്ടതിന് ശേഷം വളരെക്കാലം സംസാരിച്ച് സൗഹൃദം കെട്ടിപ്പടുത്തതിന് ശേഷം മാത്രമാണ് താൻ ഡേറ്റിന് പോകാറുള്ളതെന്നും താരം പറഞ്ഞു.
ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ച് തുടങ്ങിയത്. ഇരുവരും ഒരുമിച്ചാണ് അവധിക്കാല യാത്രകൾ പോലും നടത്താറുള്ളതെന്നും വിജയ് ദേവരകൊണ്ടയുടെ വീട്ടിലെ ചടങ്ങുകളിലെല്ലാം രശ്മിക മന്ദനായുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്നും പറയപ്പെടുന്നു.
കുറച്ചുനാൾ മുൻപ് ഗോവയിലെ ഒരു സ്വകാര്യ പാർട്ടിയിൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം നിന്ന് വിജയിയുടെ വരാനിരിക്കുന്ന ഒരു സിനിമയുടെ ഗ്ലിബിസ് വീഡിയോ ആർപ്പ് വിളിച്ച് ആസ്വദിക്കുന്ന രശ്മികയുടെ വീഡിയോ വൈറലായിരുന്നു. അടുത്തിടെ നടന്റെ വരാനിരിക്കുന്ന വിഡി 12 എന്ന ചിത്രത്തിലെ വിജയ് ദേവരകൊണ്ടയുടെ ലുക്കിനെ രശ്മിക മന്ദന അഭിനന്ദിച്ച് സംസാരിച്ചതും ശ്രദ്ധ നേടിയിരുന്നു.
മാത്രമല്ല പുഷ്പ 2 ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം വിജയ് ദേവര കൊണ്ട രശ്മികയെ പ്രശംസിച്ചും എത്തിയിരുന്നു. ഉപാധികളില്ലാത്ത പ്രണയത്തെ കുറിച്ചും വിവാഹവുമായി ബന്ധപ്പെട്ട് തനിക്കുള്ള പ്ലാനുകളെ കുറിച്ചും വിജയ് ദേവരകൊണ്ട പറഞ്ഞത് ഇങ്ങനെയാണ്.
“സ്നേഹിക്കപ്പെടുമ്പോൾ അത് എന്താണെന്ന് തനിക്കറിയാം. തനിക്ക് നിരുപാധികമായ സ്നേഹം അറിയില്ല. കാരണം തൻ്റെ സ്നേഹം പ്രതീക്ഷകളോടെയാണ് വരുന്നത്. അതിനാൽ വ്യക്തമായും തൻ്റെ സ്നേഹം നിരുപാധികമല്ലെന്ന് തോന്നുന്നു. നിരുപാധികമായ സ്നേഹം പ്രതീക്ഷിക്കുന്നത് ശരിയാണോയെന്ന് പോലും തനിക്കറിയില്ലെന്നും താരം പറയുന്നു.
വിവാഹം സ്ത്രീകൾക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കും. വിവാഹം ഒരാളുടെ കരിയറിനിടയിൽ വരേണ്ടതില്ല. വിവാഹം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. അത് നിങ്ങൾ ചെയ്യുന്ന തൊഴിലിനെ ആശ്രയിച്ചിരിക്കുന്നുവെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു”.
അടുത്തിടെ കഴിഞ്ഞ ദീപാവലിയും രശ്മിക മന്ദനാ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പമാണ് ആഘോഷിച്ചതെന്നും പറയപ്പെടുന്നുണ്ട് . രശ്മിക മന്ദാന ഹൈദരാബാദിലാണ് ദീപാവലി ആഘോഷിച്ചത്. നടി സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രത്തിൽ കാണുന്ന പശ്ചാത്തലം വിജയ് ദേവരകൊണ്ടയുടെ വീടാണെന്നാണ് ഈ ചിത്രം വൈറലായപ്പോൾ ഭൂരിഭാഗം ആരാധകരും പറഞ്ഞ്.
ഇവർ തമ്മിൽ പ്രണയത്തിലാണോ അല്ലയോ എന്നതിൽ വ്യക്തതയില്ലെങ്കിലും ഇരുവരും തമ്മിൽ ശക്തമായൊരു ബോണ്ടുണ്ട്. അതേസമയം കന്നഡ സിനിമകളിലൂടെ ശ്രദ്ധേയയായി മാറിയ രശ്മിക മന്ദന മുമ്പ് കന്നട നടൻ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് സിനിമ ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലായതും വിവാഹ നിശ്ചയം നടന്നതും, എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു . വിവാഹം മുടങ്ങിയതിനെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളാണ് ആ സമയത്ത് പ്രചരിച്ചത്.

2017 ജൂൺ 17 നായിരുന്നു രശ്മികയുടെയും രക്ഷിതിന്റെ വിവാഹ നിശ്ചയം നടന്നത്. അതേസമയം ഒറ്റ സിനിമ കൊണ്ട് ജീവിതം മാറി മറിഞ്ഞ രണ്ട് തെന്നിന്ത്യൻ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. വിജയ് ദേവരകൊണ്ടയ്ക്ക് കരിയർ ബ്രേക്ക് ആയത് അർജുൻ റെഡ്ഡി എന്ന സിനിമയാണ്.
വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡയും തകർത്ത് അഭിനയിച്ച ചിത്രമാണ് അർജ്ജുൻ റെഡ്ഡി. സാധാരണ തെലുങ്ക് സിനിമാ സ്‌റ്റൈലിനെ തകർത്തെറിഞ്ഞ് എത്തിയ മുഴുനീളെ ന്യൂജെൻ ചിത്രമെന്നാണ് അർജുൻ റെഡ്ഡിയെ സിനിമാ പ്രേമികൾ വിശേഷിപ്പിച്ചത്. സിനിമാ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ സാധാരണ തെലുങ്ക് ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു.
അർജുൻ റെഡ്ഡിയുടെ റിലീസിന് ശേഷമാണ് വിജയ് ദേവരകൊണ്ട പാൻ ഇന്ത്യൻ നടനായി മാറിയത്. 2011ൽ സിനിമാ അഭിനയം വിജയ് ദേവരകൊണ്ട തുടങ്ങിയതാണെങ്കിലും സിനിമയിൽ വിജയ നായകനായി മാറാൻ വിജയ് ദേവരകൊണ്ടയ്ക്ക് 2017 വരെ കാത്തിരിക്കേണ്ടി വന്നു. സിനിമയുടെ വിജയത്തിന് ശേഷം വിജയിയുടെ താരമൂല്യം അടക്കം കുത്തനെ ഉയർന്നു. സിനിമ തമിഴ്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുണ്ട്.
അർജുൻ റെഡ്ഡി എന്ന സിനിമ തന്നെയാണ് മലയാള സിനിമാ പ്രേമികൾക്കിടയിലും വിജയിക്ക് ആരാധകരെ നേടി കൊടുത്തത്. ജേഴ്‌സി ഫെയിം ഗൗതം തിണ്ണനൂരിയാണ് വിജയ് ദേവര കൊണ്ടയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കിലാണ് വിജയ് ദേവരകൊണ്ട ഇപ്പോൾ.
വിജയ് ദേവരകൊണ്ടയ്ക്ക് സംഭവിച്ചത് പോലെ തന്നെയായിരുന്നു രശ്മികയുടേയും സിനിമാ ജീവിതം. 2016 മുതൽ കന്നട ചിത്രങ്ങളിൽ അഭിനയിച്ച് വരികയായിരുന്ന രശ്മികയുടെ തലവര മാറിയത് ഗീതാ ഗോവിന്ദത്തിലൂടെയാണ്. വലിയ രീതിയിൽ സിനിമ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
അല്ലു അർജുൻ സിനിമ പുഷ്പയാണ് രശ്മിക മന്ദാനയുടെ റിലീസിനൊരുങ്ങുന്ന സിനിമ. അടുത്തിടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ട്രെയിലർ വൈറലാണ്. ഗീതാ ഗോവിന്ദത്തിൽ നായകൻ വിജയ് ദേവരകൊണ്ടയായിരുന്നു. അന്ന് മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ ഇരുവരും പ്രണയത്തിലാണ് എന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളാണ് തെലുങ്ക് സിനിമാ ലോകത്ത് നിന്നും വരുന്നത്. പക്ഷെ പലതവണ ഇതേ കുറിച്ച് ചോദിച്ചപ്പോഴും അടുത്ത സുഹൃത്തുക്കളാണ് എന്ന് മാത്രമാണ് ഇരുവരും പറഞ്ഞത്.











