മലയാളത്തിൽ ശ്രീവിദ്യയുടെ പ്രിയ താരം മഞ്ജു, എന്നാൽ നാട്യ പേയ് ഭാനുപ്രിയയും

സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങൾ നടി ശ്രീവിദ്യക്കുണ്ടായിരുന്നു. സഹപ്രവർത്തകരുടെ കഴിവിനെ പ്രശംസിക്കാൻ ശ്രീവിദ്യ ഒരിക്കലും മടിച്ചിട്ടില്ല. പുതുമുഖങ്ങൾക്ക് സിനിമാ രം​ഗത്തേക്ക് വഴി കാണിച്ച് കൊടുക്കാനും ശ്രീവിദ്യക്ക് സാധിച്ചു. നായിക നിരയിൽ ശ്രീവിദ്യക്ക് പ്രിയപ്പെട്ട നടിമാർ ഏറെയാണ്. എന്നാൽ നടിക്ക് ഏറെ ഇഷ്ടം തോന്നിയത് നടി ഭാനുപ്രിയയോടാണ്.

ഭാനുപ്രിയയുടെ അഭിനയ മികവിനെ ശ്രീവിദ്യ പ്രശംസിച്ചിട്ടുണ്ട്. ഒരിക്കൽ സുഹാസിനി ഇക്കാര്യം ഒരു അഭിമുഖത്തിനിടെ ഭാനുപ്രിയയോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

‘ശ്രീവിദ്യാമ്മയ്ക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. ഞങ്ങളിരുന്ന് സംസാരിക്കുമ്പോൾ പറഞ്ഞിട്ടുണ്ട്. പുന്ന​ഗെ അരസി, നാട്യ പേരൊളി, കൊഞ്ചും കിളി, കന്നഡത്തിൻ പൈങ്കിളി എന്നിങ്ങനെ ഓരോ ആർട്ടിസ്റ്റുകൾക്കും അവർ ഓരോ ടൈറ്റിൽ കൊടുക്കും.

പുന്ന​ഗെ അരസി എന്നാൽ കെ ആർ വിജയ. നാട്യ പേരൊളി’ എന്നാൽ പദ്മിനി. കന്നഡത്തിൻ പൈങ്കിളി’ എന്ന് വിളിച്ചത് സരോജ ദേവിയെയാണ്. ഭാനുപ്രിയക്ക് ഇങ്ങനെ വിശേഷണങ്ങൾ കൊടുക്കേണ്ടി വന്നാൽ ” നാട്യ പേയ്” അതായത് (അഭിനയ രാക്ഷസി) എന്നാണ് അവർ നിങ്ങളെ വിശേഷിപ്പിച്ചത് എന്നാണ് സുഹാസിനി പറഞ്ഞത് . അത്രയും സ്നേഹം നിങ്ങളോടുള്ളത് കൊണ്ട് പറഞ്ഞതാണ്.

ആ ഡെഡിക്കേഷൻ നിങ്ങൾക്കാർക്കും ഇല്ലെന്ന് ശ്രീവിദ്യാമ്മ ഞങ്ങളോട് പറയും. അഭിനയമെന്നാൽ ഭാനുപ്രിയക്ക് ഒരു വെറിയാണ്. ഒരു യക്ഷിക്ക് എത്ര വാശി കാണുമോ അത്രയും വാശി അഭിനയത്തിൽ ഭാനുപ്രിയ കാണിക്കുമെന്ന് ശ്രീവിദ്യ പറഞ്ഞെന്നും സുഹാസിനി അന്ന് ഓർത്തു’.

അതേസമയം മലയാളത്തിൽ ശ്രീവിദ്യക്ക് പ്രിയപ്പെട്ട നടി മഞ്ജു വാര്യർ ആയിരുന്നു. ഇതേക്കുറിച്ച് ഒരിക്കൽ ശ്രീവിദ്യ സംസാരിച്ചിട്ടുണ്ട്. തന്നേക്കാൾ ഒത്തിരി കഴിവുള്ള ആർട്ടിസ്റ്റിനെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുമ്പോൾ ഞാൻ വളരെ ഹാപ്പിയായിരുന്നു. ഭയങ്കര എക്സ്പീരിയൻസായിരുന്നു. പദ്മിനി, സാവിത്രി പോലുള്ള ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കുന്നത് പോലെ ആയിരുന്നു. നാച്വറൽ ആർട്ടിസ്റ്റാണ്.

തനിക്കേറ്റവും സന്തോഷം തോന്നുന്ന നടിമരില്‍ ഒരാള്‍ മഞ്ജു വാര്യര്‍ ആണെന്നാണ് ശ്രീവിദ്യ പറഞ്ഞത്. മഞ്ജുവിനൊപ്പം അഭിനയിച്ചപ്പോള്‍ തോന്നിയ അനുഭവങ്ങളും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചെല്ലാം നടി വെളിപ്പെടുത്തിയിരുന്നു. ഒപ്പം പകരം വെക്കാൻ മറ്റൊരാൾ ഇല്ലാത്ത നിരവധി താരങ്ങൾ മലയാള സിനിമയ്ക്ക് മാത്രമായി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് മൺമറഞ്ഞ് പോയ പ്രമുഖരായ ചില നടന്മാരെ കുറിച്ചും അന്ന് അഭിമുഖത്തിൽ നടി സൂചിപ്പിച്ചിരുന്നു.

‘ മിമിക്രിയൊക്കെ ചെയ്യുന്നവരെ ഒത്തിരി ഇഷ്ടമാണ്. ജയറാമിന്റെ ഒക്കെ വലിയ ആരാധികയാണ് താൻ. കലാഭവന്‍മണി, ജഗതിശ്രീകുമാര്‍ തുടങ്ങിയവരൊക്കെ അത്ഭുതമാണ്. അവരെ പോലെ അവര്‍ മാത്രമേയുള്ളു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരൊക്കെ ഈശ്വരന്റെ അടുത്ത് നിന്ന് വരം വങ്ങി വന്നവരാണ്. കേരളത്തില്‍ ആയത് കൊണ്ട് അതിലും വലിയ സന്തോഷമുണ്ട് എന്നും ശ്രീവിദ്യ പറഞ്ഞു.  ഇവരൊന്നും സിനിമാ പാരമ്പര്യത്തില്‍ നിന്ന് വന്നതല്ല. നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊരു എക്‌സ്പീരിയന്‍സും അവര്‍ക്കില്ല. ബാക്കി ഒക്കെ ദൈവം എല്ലാം കൂട്ടിചേര്‍ത്ത് തരുന്നതാണ്.

ആര്‍ട്ടിസ്റ്റിന്റെ സമയം നല്ലതാണെങ്കില്‍ നമുക്കെല്ലാം നല്ലതായി തോന്നും. ലാലിന്റെയും മമ്മൂട്ടിയുടെയും അച്ഛനും അമ്മയുമൊക്കെ ആര്‍ട്ടിസ്റ്റുകളല്ല. പിന്നെ അവര്‍ക്കെങ്ങനെ ഇത്രയും നന്നായി അഭിനയിക്കാന്‍ പറ്റുന്നതെന്ന് ചിന്തിച്ച് നോക്കൂ. സിനിമയിലേക്ക് എത്താന്‍ വേണ്ടി ജനിച്ചവരാണ് അവരൊക്കെ. ദൈവം സൃഷ്ടിച്ച് അങ്ങ് ഇറക്കി വിട്ടിരിക്കുകയാണ്. ജഗതി ശ്രീകുമാറൊക്കെ എത്ര വര്‍ഷമായി. ഇപ്പോഴും പറഞ്ഞത് തന്നെ വീണ്ടും പറയാതെ ആളുകളെ ചിരിപ്പിച്ചോണ്ട് ഇരിക്കുകയാണ്. ഒരാളെ കരയിപ്പിക്കാന്‍ എളുപ്പമാണ്. പക്ഷേ ചിരിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അതില്‍ വിജയിച്ച് നില്‍ക്കാന്‍ പറ്റുക എന്നതാണ് വലിയ കാര്യം. വേണു, ഗോപി, തിലകന്‍ ചേട്ടന്‍ ഇവര്‍ക്കൊന്നും റീപ്ലേസ്‌മെന്റ് ഇല്ല.

തിലകന്‍ സാറിനെ പോലൊരു മഹത് വ്യക്തിയില്ല. പുള്ളിയ്ക്ക് പകരം മറ്റ് ഏതെങ്കിലും നടന്മാരെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ലെന്നും ശ്രീവിദ്യ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും ഞാന്‍, മണി, ജഗദീഷ്, ജഗതിശ്രീകുമാര്‍, ശോഭന, നെടുമുടി വേണു, തുടങ്ങിയവരെല്ലാം സെറ്റില്‍ ഉണ്ടെങ്കില്‍ ഭയങ്കര പാട്ട് ആണ്. അപ്പോഴേക്കും  ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊണ്ട് വന്ന് കൊട്ടാന്‍ തുടങ്ങും. പിന്നെ അകെ ബഹളം തന്നെ ആയിരിക്കുമെന്നും ശ്രീവിദ്യ അന്ന് വ്യക്തമാക്കി’.

അതേസമയം മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. മലയാള സിനിമാ ലോകത്ത് എന്നും വലിയ സ്ഥാനം ശ്രീവിദ്യക്ക് ലഭിച്ചു. തമിഴ്നാട്ടുകാരിയായ ശ്രീവിദ്യ മലയാളിയാണെന്ന് കരുതിയ ആരാധകരും ഏറെയാണ്. 2006 ലാണ് ശ്രീവിദ്യ മരിക്കുന്നത്. രണ്ട് വര്‍ഷത്തോളം കാന്‍സര്‍ രോഗബാധിതയായി കഴിഞ്ഞ നടി ചികിത്സയിലിരിക്കുമ്പോഴാണ് മരിക്കുന്നത്.

അതേസമയം തന്നെ ശ്രീവിദ്യയുടെ പ്രിയ നടിമാരിൽ ഭാനുപ്രിയ ഇന്ന് അഭിനയ രം​ഗത്ത് സജീവമല്ല. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തിയ ഭാനുപ്രിയ എൺപതുകളിൽ സിനിമാ രം​ഗത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. മലയാളത്തിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രാജശിൽപി, അഴകിയ രാവണൻ, കൊച്ച് കൊച്ച് സന്തോഷങ്ങൾ’ തുടങ്ങിയവയാണ് ഭാനുപ്രിയയുടെ മലയാള സിനിമകൾ. അതേസമയം മഞ്ജു വാര്യർ ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകത്തെ തിരക്കേറിയ നായിക നടിയാണിന്ന്. അഭിനയ രം​ഗത്ത് നിന്ന് വർഷങ്ങളോളം മാറി നിന്ന മഞ്ജു വാര്യർ ശക്തമായ തിരിച്ച് വരവാണ് പിന്നീട് നടത്തിയത്.