പായൽ കപാഡിയയുടെ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ്ൽ പ്രഭയും കനി കുസൃതിയും

2024 ലെ ഗ്രാൻഡ് പ്രിക്‌സ് അവാർഡ് നേടിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് .പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ അഥവ മലയാളത്തില്‍ ‘പ്രഭയായി നിനച്ചതെല്ലാം’ പേര് പോലെ തന്നെ കാവ്യത്മകമായ ഒരു ചലച്ചിത്ര രൂപമാണ്. പയൽ കപാഡിയയുടെ രണ്ടാമത്തെ ചിത്രമാണ് ചിത്രമായ ‘പ്രഭയായി നിനച്ചതെല്ലാം’ ഒരു ശുദ്ധമായ, മനോഹരമായി രൂപകല്പന ചെയ്ത ചലച്ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ രത്ന ചുരുക്കം പല ഭാഷകളിലായി മുംബൈയുടെ ഒരു രാത്രി ദൃശ്യങ്ങളുടെ പാശ്ചത്തലത്തില്‍ മുഴങ്ങുന്ന ശബ്ദത്തില്‍ ഒന്ന് പറയുന്നുണ്ട്. “ഇത് സ്വപ്നങ്ങളുടെ നഗരം അല്ല, മറിച്ച് മായ കാഴ്ചകളുടെതാണ്, അതില്‍ നിങ്ങള്‍ മുഴുകിയില്ലെങ്കില്‍ നിങ്ങളെ അത് ഭ്രാന്ത് പിടിപ്പിക്കും”.

ആധുനിക മുംബൈയുടെ പാശ്ചത്തലത്തിലാണ് കഥ. എന്നാല്‍ പതിവ് മുംബൈ കാഴ്ചകള്‍ അല്ല ചിത്രം കാണിക്കുന്നത്. പ്രഭ യായി കനി കുസൃതിയും അനുവായി ദിവ്യ പ്രഭയും ഒരേ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാരാണ്. അവര്‍ ഒന്നിച്ച് ഒരു ചെറിയ ഫ്ലാറ്റിൽ താമസിക്കുന്നു. അവര്‍ക്കിടയിലെ ജനറേഷന്‍ ഗ്യാപ് വളരെ പ്രകടമാണ്. പ്രഭ മധ്യവയസ്സുകാരിയാണ്, എന്നാൽ അനു പുതിയതായി ജോലിയിൽ പ്രവേശിച്ച യുവതിയാണ്.

അവരുടെ വിശ്വാസങ്ങളിലും ജീവിത രീതികളിലും വലിയ വ്യത്യാസമുണ്ട്. പ്രഭ വർഷങ്ങൾക്ക് മുമ്പ് വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ വിവാഹിതയായി എന്നാല്‍ ജര്‍മ്മനിയില്‍ പോയ ഭര്‍ത്താവിനെ സംബന്ധിച്ച് വിവരമൊന്നും ഇല്ല, അനു ഷിഹാബ് എന്ന മുസ്ലീം യുവാവുമായി പ്രണയത്തിലാണ്.നേഴ്സ്മാരുടെ ജീവിതത്തിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങൾ ചിത്രത്തിലൂടെ പച്ചയായി വരച്ചു കാട്ടുകയാണ് പായൽ കപാഡിയ .

രണ്ടുപേരുടെയും ബന്ധങ്ങള്‍ പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. അനുവിന്റെ മാതാപിതാക്കൾ അനുവിന് വിവാഹം ആലോചിക്കുന്നു ഒരിക്കലും അവര്‍ ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കാന്‍ സമ്മിതിക്കില്ലെന്ന് ഉറപ്പാണ്. ഇരുവരും തങ്ങളുടെ പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിട്ട് മുന്നോട്ട് പോകുമ്പോള്‍ കഥാഗതിയില്‍ ഇവരുടെ ബന്ധങ്ങള്‍ കൂട്ടിമുട്ടുന്ന സന്ദര്‍ഭങ്ങള്‍ ഉടലെടുക്കുന്നു.

അവർക്കിടയിൽ ഉണ്ടാകുന്ന പരസ്പര ധാരണ അവരെ അവർ അന്വേഷിക്കുന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നു. സഹാനുഭൂതി, സത്യസന്ധത, യഥാർത്ഥ സൗഹൃദം എന്നിവ വരുത്തുന്ന ജീവിത കാഴ്ചപ്പാടിലെ പരിവര്‍ത്തനമാണ് ചിത്രം തേടുന്നത്. കനി കുസൃതിയുടെയും ദിവ്യപ്രഭയുടെയും ശക്തമായ, ഹൃദയസ്പർശിയായ പ്രകടനങ്ങൾ, നിഗൂഢമായ തുടക്കം മുതൽ ഹൃദയസ്പർശിയായ അവസാനത്തിലേക്കുള്ള ചിത്രത്തിന്‍റെ യാത്രയെ ആകർഷകവും ചലനാത്മകവുമാക്കുന്നു എന്ന് പറയാം.