
ഗുരുഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘1098’ (ടെൻ നയിൻ എയിട്ട്) എന്ന സാമകാലിക ചിത്രം പ്രേഷകരുടെ മുന്നിലേക്ക് ജനുവരി 17 ന് എത്തുന്നു. സന്തോഷ് കീഴാറ്റൂർ, മോനിഷ മോഹൻ, അഡ്വക്കേറ്റ് ഷുക്കൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്രയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ യാത്ര തുടങ്ങുന്നത് ചൈൽഡ് ഹെൽപ്‌ലൈനിലേക്ക് ഒരു അജ്ഞാത ഫോൺ കാൾ വരുന്നിടത്തു നിന്നാണ്. ഒരു ഗ്രാമീണ സർക്കാർ സ്‌കൂളിൽ നിന്ന് ഒരു വ്യക്തമായ കാരണമില്ലാതെ ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർത്ഥിയെ പറഞ്ഞുവിടുന്നു.
ഈ സംഭവത്തിനെതിരെ ചൈൽഡ് ലൈനിന് ഒരു പരാതി ലഭിക്കുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു. എന്നാൽ ഈ അന്വേഷണത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ ചില കാരണങ്ങൾ കണ്ടെത്തുകയും , വിദ്യാർത്ഥിയെ പുറത്താക്കിയതിന് പിന്നിലെ ഞെട്ടിക്കുന്ന ഒരു രഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരെ ഒരു ആകാംഷമുഹൂർത്തത്തിലേക്ക് എത്തിക്കുന്നത്.
ഈ ചിത്രത്തിൽ മറ്റു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനുറാം എന്നിവരാണ്. ഛായാഗ്രഹണം – പ്രിയൻ, സംഗീതം – ഹരിമുരളി ഉണ്ണികൃഷ്ണൻ, സൗണ്ട് – എം ഷൈജു, ചിത്രസംയോജനം – രഞ്ജിത്ത് പുത്തലത്ത്, കലാ സംവിധാനം – ഷെബി ഫിലിപ്, വസ്ത്രാലങ്കാരം – അനു ശ്രീകുമാർ, മേക്കപ്പ് – സുനിത ബാലകൃഷ്ണൻ, സ്റ്റിൽസ് – മനു കാഞ്ഞിരങ്ങാട്. ആർട്ട് അസോസിയേറ്റ് – ശ്രീജിത്ത് പറവൂർ, കളറിസ്റ്റ് – ജിതിൻ കുംബുകാട്ട്, പ്രൊഡക്ഷൻ കൺട്രോളർ – ശ്രീകാന്ത് രാഘവ്, അസോസിയേറ്റ് ഡയറക്ടേർസ് – അപർണ്ണ കരിപ്പൂൽ, വിനീഷ് കീഴര എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.











