നടി നിമിഷ സജയന്റെ പിതാവ് സജയൻ നായർ അന്തരിച്ചു

നടി നിമിഷ സജയന്റെ പിതാവ് സജയൻ നായർ (63 )അന്തരിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി രോഗബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് നിമിഷയുടെ അച്ഛൻ. ജോലി സംബന്ധമായി മുംബൈയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു നടിയുടെ കുടുംബം താമസിച്ചിരുന്നത്.

സംസ്കാര ചടങ്ങുകൾ അംബർനാഥ് വെസ്റ്റിലെ മുൻസിപ്പൽ പൊതു ശ്മശാനത്തിൽ നടക്കും. ഭാര്യ: ബിന്ദു സജയൻ, മക്കൾ, നിമിഷ സജയൻ, നീതു സജയൻ. അതേസമയം  2017ൽ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ്  അഭിനയരംഗത്തേക്ക് നിമിഷ സജയൻ  എത്തിയത്.

എന്നാൽ ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകളുടെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷ നേടിയിരുന്നു.  നിമിഷ നിരവധി മികച്ച സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പിന്നീട് അന്യഭാഷ ചിത്രങ്ങളിലും തന്റേതായ അഭിനയം നിമിഷ കാഴ്ച്ച വെച്ചിരുന്നു.