
90-കളില്‍ ബോളിവുഡിലെ മിന്നും താരമായിരുന്നു മമത കുല്‍കര്‍ണി. സല്‍മാന്‍ ഖാനും, ഷാരൂഖ് ഖാനും ഉള്‍പ്പെടെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അക്കാലത്തെ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു നടി. ഇപ്പോള്‍ തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവിനെക്കുറിച്ച് മമത കുല്‍ക്കര്‍ണി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമാ മേഖല വിട്ട് ആത്മീയ പാതയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ മമത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.അടുത്ത കുറച്ചുദിവസത്തേക്ക് തന്റെ ആത്മീയ യാത്രകളുടെ വിവരം നടി തന്റെ ഇന്‍സ്റ്റഗ്രാം വഴി ഔദ്യോഗികമായി അറിയിച്ചത്.

പ്രയാഗ്‌രാജിലെ കുംഭമേളയില്‍നിന്ന് കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനത്തിനായി രാണസിയിലേക്ക് പോകുമെന്ന് മമത കുല്‍കര്‍ണി അറിയിച്ചു. അവിടെനിന്ന് അയോധ്യയിലേക്കും പോകും. 10 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കിടെ താന്‍ പിതൃതര്‍പ്പണം ചെയ്യുമെന്നും താരം അറിയിച്ചു. കുംഭമേളയുടെ ഭാഗമായ13 സന്യാസി മഠങ്ങളില്‍ ഒന്നായ കിന്നര്‍ അഘാഡയിലൂടെയാണ് സന്യാസം സ്വീകരിച്ചത്. ത്രിവേണി സംഗമത്തില്‍ മുങ്ങിയശേഷം ആചാരപരമായ ചടങ്ങുകളോടെയായിരുന്നു ദീക്ഷ സ്വീകരിക്കല്‍.

കിന്നര്‍ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചിരിക്കുകയാണ്, ഒരുസമയത്ത് ബോളിവുഡിനെ ത്രസിപ്പിച്ച താര സുന്ദരിയായിരുന്നു മമത കുൽക്കർണി, ഹിന്ദിയിൽ മാത്രമല്ല നടി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്, കുഞ്ചാക്കോ ബോബന്‍ നായകനായ ‘ചന്ദാമാമ’ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ആയിരുന്നു നടിയുടെ വരവ്.2003 ല്‍ സിനിമ വിട്ടെങ്കിലും ലഹരിമരുന്ന് കേസിലടക്കം പ്രതിചേര്‍ക്കപ്പെട്ട് വിവാദത്തിലായി. ഒടുവില്‍ ഗ്ലാമര്‍ ലോകത്തോട് വിടപറഞ്ഞ് ആത്മീയ പാതയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം.












