
അമിത അളവില്‍ മെര്‍ക്കുറി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധയിലാണ് കണ്ടെത്തല്‍. 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പരിശോധനയ്ക്ക് വിധേയമാക്കിയ ഫേസ് ക്രീം, ലിപ്സ്റ്റിക്, സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തുകയായിരുന്നു. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി ആണ് പല സാമ്പിളുകളില്‍ കണ്ടെത്തിയത്. പരിശോധന തുടരുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പറഞ്ഞു.

ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ് പിടിച്ചെടുത്ത കോസ്മെറ്റിക് ഉത്പന്നവുകളിലും ഉള്ളത്. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.











