
ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ കേരളം ചാംപ്യന്മാര്‍. 28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഫുട്ബോൾ സംഘം ചരിത്രം കുറിക്കുന്നത്. ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന്റെ മൂന്നാംസ്വര്‍ണമാണിത്. പത്തുപേരായി ചുരുങ്ങിയിട്ടും ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കേരളം സ്വർണത്തിൽ മുത്തമിട്ടത്. 53–ാം മിനിറ്റിൽ എസ് ഗോകുലാണ് കേരളത്തിന്റെ വിജയഗോൾ നേടിയത്.
ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉത്തരാഖണ്ഡ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്. 76-ാം മിനിറ്റിലാണ് കേരളത്തിന് ശക്തമായ തിരിച്ചടി ലഭിച്ചത്. കേരളത്തിന്റെ സഫ്‍വാൻ ചുവപ്പു കാർഡ് കണ്ടു പുറത്തായി. ഇതോടെ 10 പേരുമായി അവശേഷിച്ച സമയം പ്രതിരോധിക്കണമെന്ന നിലയിലായി കേരളം. അവസാന 14 മിനിറ്റും ഒമ്പത് മിനിറ്റ് നീണ്ട ഇഞ്ച്വറി ടൈമും ഗോൾ വഴങ്ങാതെ കേരളം പ്രതിരോധിച്ചു. ഒടുവിൽ റഫറിയുടെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ കേരളം സുവർണ നേട്ടം സ്വന്തമാക്കി.
1997-ലാണ് അവസാനമായി കേരളം ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത്. 2022-ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും നേടിയിരുന്നു.











