‘സാരി’ സിനിമയിൽ അഭിനയിക്കുന്നതിന് വീട്ടുകാർക്ക് ഉൾകൊള്ളാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു!വസ്ത്രധാരണത്തിന്റെ പേരിൽ നെഗറ്റീവ് കമന്റുകൾ കിട്ടാറുണ്ട്; ആരാധ്യ ദേവി

ഇപ്പോൾ ആരാധ്യ ആദ്യമായി നായികയാകുന്ന സിനിമ സാരി റിലീസിന് തയ്യാറെടുക്കുകയാണ്

സാരി ഫോട്ടോഷൂട്ടിലൂടെ സോഷ്യൽമീഡിയയിൽ തംര​ഗമായി മാറുകയും പിന്നീട് സിനിമയിലേക്ക് ചേക്കേറുകയും ചെയ്ത യുവനടിയാണ് മലയാളിയായ ആരാധ്യ ദേവി എന്ന് അറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരി ശ്രീലക്ഷ്മി സതീഷ്. ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് സിനിമയിലേക്ക് അവസരം നൽകി ആദ്യം നടിയെ സമീപിച്ചത് സംവിധായകൻ രാം ​ഗോപാൽ വർമയായിരുന്നു. ഇപ്പോൾ ആരാധ്യ ആദ്യമായി നായികയാകുന്ന സിനിമ സാരി റിലീസിന് തയ്യാറെടുക്കുകയാണ്. സാരിയിൽ അൽപ്പം ​ഗ്ലാമറസായ റോളാണ് നടിയുടേത്. അതിന്റെ പേരിൽ ട്രെയിലർ റിലീസ് ചെയ്തപ്പോൾ മുതൽ വിമർശനങ്ങൾ ധാരളം നടിക്ക് ലഭിക്കാറുണ്ട്.

ഇപ്പോൾ സാരി സിനിമയിലെ അഭിനയത്ത് കുറിച്ചും തനിക്ക് അതിനെതിരെ ലഭിച്ച കമന്റുകളെ കുറിച്ചും തുറന്നു പറയുകയാണ് ആരാധ്യ ദേവി. വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ കിട്ടാറുണ്ട്. ഇപ്പോഴും കിട്ടുന്നുണ്ട്. പക്ഷെ അതൊന്നും ഞാൻ കാര്യമായി എടുക്കാറില്ല. നെ​ഗറ്റീവും പോസിറ്റീവും പറയുന്നവരുണ്ട്. നെ​ഗറ്റീവ് പക്ഷെ നോക്കാറില്ല. സാരി സിനിമ ഷൂട്ടിങ് അനുഭവം വളരെ നല്ലതായിരുന്നു.

ഓരോ മോമന്റും ഞാൻ എന്റെ കയ്യിൽ കൊണ്ടുനടക്കുകയാണ്. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമാ അവസരം വന്നത്. അതിനാൽ വീട്ടുകാർക്ക് ഉൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം , പിജി പഠിക്കുകയായിരുന്നു. ഇപ്പോൾ വിട്ടുപോയാൽ പഠനം ഉപേക്ഷിക്കേണ്ടി വരുമോ, പിന്നീട് കുറ്റബോധം തോന്നും എന്നൊക്കെ എന്നോട് ആ സമയത്ത് എല്ലാവരും പറയുമായിരുന്നു. അതുകൊണ്ട് തന്നെ പോകേണ്ടെന്ന് അന്ന് അച്ഛനും അമ്മയും പറയുന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അവരാണ് എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് ആരാധ്യ പറയുന്നു.