
എഡിജിപി എം ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയേയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഡ് ചെയ്ത എസ് പി സുജിത് ദാസിനെ തിരിച്ചെടുത്തു. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാർശ നൽകിയത്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്.അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ എഡിജിപി അജിത്തിനെയും പി ശരിയെയും അധിക്ഷേപിച്ചതിനായിരുന്നു സുജിത് ദാസിനെ സസ്പെൻറ് ചെയ്തത്.
ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു. ഐജി ശ്യം സുന്ദർ നടത്തുന്ന അന്വേഷണത്തിൽ പിവി അൻവർ ഇതുവരെ മൊഴി നൽകിയിട്ടില്ല.മുഖ്യമന്ത്രി ശുപാർശ അംഗീകരിച്ചതിനാൽ ഇന്നലെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി. സുജിത്തിന് നിയമനം നൽകിയിട്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും.
അതേസമയം, എഡിജിപി പി വിജയന് സ്വർണ കടത്തുമായി ബന്ധമുണ്ടെന്ന് സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നതായി എഡിജിപി അജിത് കുമാർ ഡിജിപിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ അങ്ങനൊരു മൊഴി നൽകിയിട്ടില്ലെന്ന് സുജിത് പരസ്യമായി പറഞ്ഞു.











