
ഇന്ത്യ ഇപ്പോൾ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയിരിക്കുകയാണ്. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്. ടൂർണമെന്റിൽ ഉടനീളം ശ്രേയസ് അയ്യരുടെ സംഹാരതാണ്ഡവത്തിനായിരുന്നു എതിർ ടീമുകൾ ഇരയാത്തത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 15 റൺസ് നേടിയത് മാത്രമായിരുന്നു മോശമായ പ്രകടനം എന്ന് പറയാൻ പറ്റുന്നത്.
എന്നാൽ തുടർന്ന് വന്ന എല്ലാ കളിയിലും 40 നു മുകളിൽ റൺസും അതിൽ നിന്നുമായി രണ്ട് നിർണായക അർദ്ധ സെഞ്ചുറിയും താരം നേടി. എന്നാൽ ഫൈനലിൽ അദ്ദേഹം പെട്ടന്ന് പുറത്തായതിൽ താൻ സന്തോഷവാനല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ചീഫ് സിലക്ടർ ദിലീപ് വെങ്സർക്കാർ. അദ്ദേഹത്തിന്റെ വാക്കുകൾ,,ശ്രേയസ് നന്നായി കളിച്ചു. പക്ഷേ ഫൈനലിൽ ശ്രേയസ് പുറത്തായ രീതിയിൽ ഞാൻ സന്തോഷവാനല്ല. മത്സരം അവസാനിക്കുന്നത് വരെ ശ്രേയസ് ക്രീസിൽ നിൽക്കണമായിരുന്നു. എന്നാൽ ശ്രേയസ് സ്വന്തം മികവ് മനസിലാക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്” ദിലീപ് വെങ്സർക്കാർ പറഞ്ഞു. അതേസമയം ചാമ്പ്യൻസ് ട്രോഫിയിൽ കൂടുതൽ റൺസെടുത്ത രണ്ടാമത്തെ താരമാണ് ശ്രേയസ് അയ്യർ.











