ഗാന്ധിജിയെ വധിച്ചവരുടെ മനസികാവസ്ഥയിൽ നിന്നും ഒട്ടും വിഭിന്നമല്ല ഇതിനു പിന്നിലുള്ളവരുടെത്, വഴിതടയൽ നീക്കങ്ങൾ അനുവദിക്കില്ല; തുഷാർ ഗാന്ധിയെ തടഞ്ഞവർക്കെതിരെ നിയമ നടപടി എടുക്കും, മുഖ്യ മന്ത്രി പിണറായി വിജയൻ

തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം കേരളത്തിൽ എത്തിയത്, വര്‍ക്കല ശിവഗിരിയിലെ ഗാന്ധി , ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും, ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ്. ഈ തുഷാർ ഗാന്ധി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ,പൊതുപ്രവര്‍ത്തകനുമാണ്. അദ്ദേഹത്തിന്റെ ഈ സന്ദർശനം തന്നെ, മഹാത്മാഗാന്ധിയും ,ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ്.

അപ്പോഴാണ് ഗാന്ധിക്കെതിരെ ആര്‍എസ്എസ് പരസ്യമായ കടന്നാക്രമണം നടത്തിയത്. ഇതിനെതിരെയാണ് മുഖ്യ മന്ത്രി രംഗത്ത് എത്തിയത്,  ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെത്. ഇത് അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും, അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആത്മാവിന് വര്‍ഗീയതയുടെ അര്‍ബുദബാധയുണ്ടാവുന്നു എന്ന ആശങ്കയാണ് തുഷാര്‍ ഗാന്ധി പങ്കുവെച്ചത്. നമ്മുടെ സംസ്‌കാരം വിരുദ്ധ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്നതാണ്.

പ്രകോപനത്തിന് വശംവദനാവാതെ ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാര്‍ ഗാന്ധി ചെയ്തത്. കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ല.മതേതര ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തില്‍ ഉയരേണ്ടതാണ്. ജനാധിപത്യം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചു കൂടാത്ത സന്ദര്‍ഭമാണിത്, മന്ത്രി പറഞ്ഞു.