
പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയന്‍. പൃഥ്വിരാജിനെതിരെ ഒരു അഭിമുഖത്തില്‍ സംസാരിച്ച വാക്കുകള്‍ ചര്‍ച്ചയായതോടെയാണ് മൈത്രേയന്‍ മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയൻ ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജ് ഒരു നല്ല സിനിമ പോലും എടുത്തിട്ടില്ല എന്ന് മൈത്രേയന്‍ അഭിപ്രായപ്പെട്ട തരത്തിലുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. മൈത്രയേന്റെ കുറിപ്പ് രൂപം ഇങ്ങനെ..

ബഹുമാനപൂർവ്വം പൃഥ്വിരാജിന്..
മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചർച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററിൽ ഉള്ള വരി ഞാൻ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു.
താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാൻ കാണുന്നതായിരിക്കും. എന്നായിരുന്നു മൈത്രയേൻ കുറിച്ചിരിക്കുന്നത്. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാർച്ച് 27 ന് റിലീസിനൊരുങ്ങുകയാണ്. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. കേരളത്തിൽ ചിത്രം ഇതിനോടകം തന്നെ പ്രീ സെയിൽ വഴി 10 കോടി കടന്നു.












