മുഖ്യമന്ത്രി പിണറായി വിജയൻ കൈകൾ ഉയർത്തി പറഞ്ഞതാണ്, ഈ കൈകൾ ശുദ്ധമാണന്ന്, എത്ര ഇരുമ്പാണി അടിച്ചു കയറ്റിയാലും അദ്ദേഹത്തിന്റെ ശരീരത്തിൽ കയറില്ല; മന്ത്രി സജിചെറിയാൻ

ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി കൈകൾ ഉയർത്തി പറഞ്ഞതാണ് ഈ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞ സജി ചെറിയാൻ എത്ര ഇരുമ്പാണി അടിച്ച് കയറ്റിയാലും പിണറായി വിജയന്റെ ശരീരത്തിൽ കയറില്ല അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സിപിഎമ്മിനെ തകർക്കാൻ കഴിയില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.ഞങ്ങളെ ആക്ഷേപിച്ച് കേരളത്തിലെ സിപിഎമ്മിനെ തകർക്കാൻ കഴിയില്ലെന്നും, കഴിഞ്ഞ 9 വർഷമായിട്ടും ഒരു ആരോപണം പോലും തെളിയിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായുന്നു സജി ചെറിയാൻ. അതേസമയം മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്‍റെ ഹർജി.