വീണ ചേച്ചി.. ഈ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സ്ത്രീകളിൽ ഒരാൾ, മുഖ്യമന്ത്രിയുടെ മകൾ വീണക്ക് പിന്തുണയുമായി ആര്യ രാജേന്ദ്രൻ

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് പിന്തുണയുമായി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍.തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് വീണക്ക് പിന്തുണയുമായി മേയർ എത്തിയിരിക്കുന്നത്. കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും, വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് കമ്പനിക്കും ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി, അതിനു പിന്നാലെയാണ് മേയറുടെ ഈ പോസ്റ്റ്.

വീണ ചേച്ചി… ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിന്റെ പേരിലും,മന്ത്രി മുഹമ്മദ് റിയാസിന്റെ ജീവിത പങ്കാളിയായതിന്റെ പേരിലും ഇവര്‍ ആക്രമിക്കപ്പെട്ടു. യാതൊരു നീതിബോധവുമില്ലാതെ മാധ്യമങ്ങളും പ്രതിപക്ഷവും ഇവരെ വേട്ടയാടിയപ്പോള്‍ ഐക്യദാര്‍ഢ്യപ്പെടാന്‍ പല സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ല എന്ന് മാത്രമല്ല അവരോട് ഐക്യദാര്‍ഢ്യപ്പെട്ടാല്‍,പിന്തുണച്ചാല്‍,അനുകമ്പ കാണിച്ചാല്‍,പരിഹസിക്കപ്പെടുമെന്ന ഭയത്താല്‍ പലരും പ്രതികരിച്ചുമില്ല. വേട്ടയാടിയവരേ ഈ സ്ത്രീയ്ക്കും നീതി വേണ്ടേ, എന്നാണ് മേയർ തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

അതേസമയം, വീണക്കെതിരെയുള്ള സംശയംമാത്രമാണ്  കൊടുത്ത പരാതിയിലുള്ളത്.  ആരോപണം തെളിയിക്കുന്ന വസ്തുതകളില്ല. സംശയത്തിന്റെ പേരില്‍ അഴിമതിനിരോധനനിയമപ്രകാരം അനാവശ്യമായുള്ള അന്വേഷണം പൊതുസേവകരുടെ കരിയറിനും പ്രശസ്തിക്കും കളങ്കമാകുമെന്ന് കഴിഞ്ഞദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് കെ. ബാബു പറഞ്ഞു.