
പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തു൦, പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം കേരളത്തെ വികസന കുതിപ്പിലേക്ക് നയിച്ചെന്നും, കെടി ജലീല്‍ എംഎല്‍എ. നാഷണല്‍ ഹൈവേ വികസനവും, ഗെയ്ല്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാക്കിയതും ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും ജലീല്‍ അഭിപ്രയപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന ഫേസ് കുറിപ്പിലൂടെയാണ് ജലീലിന്റെ ഈ വെളിപ്പെടുത്തൽ. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് പകരം തുടര്‍ ഭരണം എന്ന നിലയിലേക്ക് കേരളം മാറിയത് വികസന മുന്നേറ്റത്തിന് വഴിതെളിയിച്ചുവെന്ന് കെ ടി ജലീൽ പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന അവകാശ വാദവുമായി എത്തിയിരിക്കുകയാണ് കെ ടി ജലീൽ. ഒന്നാം പിണറായി സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ഇന്ന് കേരളം എത്തിയേടത്ത് എത്താന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കുകയോ അതല്ലെങ്കില്‍ വികസനത്തിന്റെ കിനാക്കളുടെ മേല്‍ മണ്ണിട്ട് മൂടുകയോ ചെയ്യേണ്ടി വരുമായിരുന്നെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.ഇടതുപക്ഷത്തിന് തുടര്‍ഭരണം കിട്ടിയതിന്റെ നേട്ടങ്ങളും ഇനിയും ഒരു തവണ കൂടി ഭരണം ലഭിച്ചാല്‍ പ്രതീക്ഷിക്കുന്ന വികസനവും വിശദീകരിച്ചാണ് ജലീലിന്റെ കുറിപ്പ്.
രാസലഹരി മാഫിയ കണ്ണുവെച്ച കേരളത്തെ, അവര്‍ക്ക് വിട്ടുകൊടുക്കാതെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കാനുള്ള ‘യുദ്ധ’ത്തിന്റെ കമാന്റെര്‍ ഇന്‍ ചീഫായി, പിണറായി വിജയന്‍ കച്ച മുറുക്കി അടര്‍ക്കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. മരണഭീതി പടര്‍ത്തി തിമര്‍ത്താടിയ കോവിഡ് മഹാമാരിയേയും, നാടിനെ ഞെട്ടിച്ച് പെയ്തിറങ്ങിയ മഹാപ്രളയത്തെയും സധൈര്യം നേരിട്ട് തോല്‍പ്പിച്ച ചങ്കുറപ്പോടെ, രാസലഹരിയുടെ വൈതാളികരെ കെട്ടുകെട്ടിക്കാനും പിണറായിയുടെ നേതൃത്വത്തില്‍ നമുക്ക് കഴിയുമെന്നും ജലീല്‍ പറയുന്നു.റവന്യൂ ഭരണത്തില്‍ നിന്നുള്‍പ്പടെ സര്‍വ്വ ഭരണ കേന്ദ്രങ്ങളില്‍ നിന്നും അഴിമതിയുടെ പ്രേതത്തെ കെട്ടുകെട്ടിച്ച്, എല്ലാ പ്രതിസന്ധികളില്‍ നിന്നും കേരളത്തെ സംരക്ഷിച്ച്, വികസനത്തിന്റെ പുത്തന്‍ ഭൂമികയിലേക്ക് ഉറച്ച കാല്‍വെപ്പുകളോടെ കേരളത്തെ വഴിനടത്തുന്ന ചുവപ്പന്‍ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണ് മലയാളികള്‍ ഒരു മൂന്നാമൂഴം നല്‍കുകയെന്നും ജലീല്‍ ചോദിക്കുന്നു.











