
ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിചിത്ര വിലക്കുമായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലും, മറ്റുമുള്ള ഉദ്യോഗസ്ഥരും ,ചൈനീസ് പൗരന്മാരും തമ്മിലുള്ള പ്രണയ, ലൈംഗിക ബന്ധങ്ങള്‍ക്കാണ് യുഎസ് സര്‍ക്കാരിന്റെ വിചിത്ര വിലക്ക്. ചൈനയിലെ സര്‍ക്കാര്‍ ജീവനക്കാരുമായി മാത്രമല്ല ചൈനീസ് പൗരന്മാരാരുമായി തന്നേയും പ്രണയബന്ധം പാടില്ലെന്നാണ് യുഎസ് ഭരണകൂടത്തിന്റെ പുതിയ നയം. ചാരവൃത്തി സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ചൈനീസ് പൗരന്മാരുമായി പ്രണയബന്ധമോ സെക്‌സോ പാടില്ലെന്ന് യുഎസ് നിർദേശം.
യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ക്കും നിരോധനം ബാധകമാണ്. ഒപ്പം യുഎസ് സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കരാറുകളില്‍ പ്രവര്‍ത്തിക്കുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ ഈ വിലക്ക് പാലിക്കേണ്ടതുണ്ട്. ബെയ്ജിംഗിലെ എംബസി, ഗ്വാങ്ഷൂ, ഷാങ്ഹായ്, ഷെന്‍യാങ്, വുഹാന്‍, ഹോങ്കോംഗ് എന്നിവിടങ്ങൾ ഉള്‍പ്പെടെ ചൈനയിലെ എല്ലാ യുഎസ് ദൗത്യങ്ങളിലുള്ള ജീവനക്കാര്‍ക്കും യുഎസ് നയം പ്രകാരമുള്ള ഈ നിരോധനം ബാധകമാണ്. അമേരിക്കന്‍ ഉദ്യോഗസ്ഥരും, ചൈനീസ് പൗരന്മാരും തമ്മിലുള്ള പ്രണയപരമോ ലൈംഗികമോ ആയ ബന്ധങ്ങളെ നിരോധിക്കുന്ന നയം ജനുവരിയില്‍ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
എന്നാൽ , ചൈനയ്ക്ക് പുറത്ത് വിന്യസിച്ചിരിക്കുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമല്ല. എന്നാൽ ചൈനീസ് പൗരന്മാരുമായി മുന്‍കാല ബന്ധമുള്ളവര്‍ക്ക് ഇളവിന് അപേക്ഷിക്കാമെന്നും നയം വ്യക്തമാക്കുന്നു. എന്നിരുന്നാലും ഏതെങ്കിലും തരത്തില്‍ അപേക്ഷ തള്ളിപ്പോയാല്‍ ബന്ധം അവസാനിപ്പിക്കാനോ അവരുടെ ജോലി ഉപേക്ഷിക്കാനോ നിര്‍ബന്ധിതരാകുമെന്ന മുന്നറിയിപ്പുമുണ്ട്.പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയില്‍ യുഎസ് ഉദ്യോഗസ്ഥ വൃന്തത്തിനുള്ളില്‍ അറിയിച്ച ഈ നയം, അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകള്‍ എടുത്തുകാണിക്കുന്നുണ്ട്.ശീതയുദ്ധ കാലഘട്ടത്തിലേക്ക് തിരികെ പോകുന്ന ഒരു സുപ്രധാന മാറ്റമായാണ് പുതിയ നിരോധനത്തെ ലോകം കാണുന്നത്.











