
സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ എമ്പുരാൻ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മോഹന്‍ലാല്‍ നായകനായെത്തിയ ‘എമ്പുരാന്‍’ ഒരു രാഷ്ട്രീയസിനിമ അല്ലാതിരുന്നിട്ടും സിനിമയ്ക്കെതിരെ ബിജെപി ആക്രമണം നടത്തി. അതൊരു രാഷ്ട്രീയ സിനിമ പോലുമല്ല. എന്നിട്ടും ചില ഭാഗങ്ങൾ കാരണം സിനിമ ആക്രമിക്കപ്പെട്ടു. അങ്ങനെ സിനിമയെ താറടിച്ചുകാണിക്കുമ്പോള്‍ സ്വാഭാവികമായും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളാണ് ഇത് ബാധിക്കപ്പെടുന്നത്. സിനിമ ഒരു വ്യവസായമാണ്, ആയിരക്കണക്കിന് പേരാണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സിനിമ ഒരു വലിയ സാമ്പത്തിക വിജയമാകുന്നത് അപൂര്‍വമാണ്.
സംഘപരിവാര്‍ അംഗങ്ങള്‍ കൂടിയുള്ള ഒരു സെന്‍സര്‍ ബോര്‍ഡിനാല്‍ അംഗീകരിക്കപ്പെട്ട സിനിമയാണിത്. അത്തരത്തിലുള്ള സിനിമയെ അനാവശ്യമായ ആരോപണങ്ങള്‍ ചുമത്തി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് അത് ബാധിക്കുന്നതെന്നും, അദ്ദേഹം കുറ്റപ്പെടുത്തി. സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു, എന്നും അദ്ദേഹം പറയുന്നു.
അതേസമയം, വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനുശേഷം ക്രൈസ്തവ സമൂഹത്തെയാണ് സംഘപരിവാര്‍ ലക്ഷ്യം വച്ചിട്ടുള്ളതെന്നും , ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ലേഖനം പിന്‍വലിച്ചെങ്കിലും അവരുടെ മനസ്സിലിരിപ്പ് കൃത്യമായി അറിയാനായെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.











