കൊച്ചിക്കാർക്ക് എന്നും പ്രിയം ജെയിംസ് ബോണ്ടിനോട്, ഫോർച്യൂണിറിന്റെ വിലക്ക് നമ്പർ സ്വന്തമാക്കാം

പ്രിയ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ മുടക്കുന്നതുപോലെ തന്നെ ഇഷ്ട നമ്പര്‍ സ്വന്തമാക്കാനും പണം വാരിക്കോരി ചെലവഴിക്കുന്നവർ നിരവധിയുണ്ട്. ഇത്തരത്തില്‍ എറണാകുളത്ത് പുതിയ ഡിജി സീരിസ് നമ്പറിന് വേണ്ടി ചെലവഴിച്ച തുക കേട്ട് ഞെട്ടി വാഹനപ്രേമികൾ. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇഷ്ട നമ്പറിന് വേണ്ടി വാഹനത്തിന്റെ വിലയേക്കാള്‍ പണം മുടക്കുന്നവർ ഉണ്ട്.എറണാകുളം ആര്‍ടി ഓഫീസില്‍ ഡിജി സീരിസ് ആരംഭിച്ചതിന് പിന്നാലെയാണ് പ്രിയ നമ്പരുകള്‍ക്ക് വേണ്ടിയുള്ള ലേലം വിളി ലക്ഷങ്ങളിലേക്ക് വഴിമാറിയത്. കെഎല്‍ 07 ഡിജി സീരിസ് ആണ് എറണാകുളത്ത് ആരംഭിച്ചിരിക്കുന്നത്.

ലേലത്തില്‍ വച്ച രണ്ട് നമ്പറുകളില്‍ ആദ്യത്തേത് വില്‍പ്പന നടത്തിയത് ഒരു പ്രീമിയം കാറിന്റെ വിലയ്ക്കും. ബ്രിട്ടീഷ് ചാരസംഘടനയായ എംഐ സിക്‌സിനെ ആധാരമാക്കി ഹോളിവുഡില്‍ പുറത്തുവന്ന ജെയിംസ് ബോണ്ട് സീരിസ് സിനിമകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ജെയിംസ് ബോണ്ടിന്റെ കോഡ് നമ്പര്‍ 007 നും ലോകം മുഴുവന്‍ ആരാധകരുണ്ട്. കൊച്ചിക്കാര്‍ക്കും ജെയിംസ് ബോണ്ട് നമ്പറിനോടുള്ള പ്രിയം ചെറുതല്ലെന്ന് വ്യക്തമാക്കുകയാണ് എറണാകുളം ആര്‍ടി ഓഫീസിലെ ലേലം.കെഎല്‍ 07 ഡിജി 0007 എന്ന നമ്പരാണ് എറണാകുളം ആര്‍ടി ഓഫീസ് നടത്തിയ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വിറ്റുപോയത്. 45 ലക്ഷം രൂപയാണ് ഇതിനായി ഒരു വാഹന ഉടമ ചെലവഴിച്ചത്. ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.