
ഒരു വിഷുക്കാലംകൂടി ഇങ്ങെത്തിക്കഴിഞ്ഞു. വിഷുവെന്നാൽ മലയാളികൾക്ക് പുത്തൻ സിനിമകൾ തിയേറ്ററുകളിലെത്തുന്ന ആഘോഷക്കാലം കൂടിയാണ്. ഇത്തവണയും ആ പതിവിന് മാറ്റമില്ല. വിഷു ആഘോഷം കൊഴുപ്പിക്കാൻ മലയാളത്തിൽ നിന്ന് മൂന്നും തമിഴിൽനിന്ന് ഒരുചിത്രവുമാണ് പ്രദർശനത്തിനെത്തുന്നത്. അതിലൊന്ന്, തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനായ ഡിനോ ഡെന്നീസ് ആദ്യമായി സംവിധാനംചെയ്യുന്ന മമ്മൂട്ടി ചിത്രമായ ബസൂക്കയാണ്. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് ഇതിനോടകംതന്നെ ചർച്ചയായിട്ടുണ്ട്.

അടുത്ത രണ്ടാം ചിത്രം,മിന്നൽ മുരളിക്കുശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമായ മരണമാസ്. എന്നാൽ ചെറിയൊരു വ്യത്യാസമുണ്ട്. ഇത്തവണ നിർമാതാവിന്റെ കുപ്പായമണിഞ്ഞ് ക്യാമറയ്ക്ക് പിന്നിലാണ് ടൊവിനോ. ബേസിലാകട്ടെ നായകനായി ക്യാമറയ്ക്ക് മുന്നിലും. ചിത്രത്തിലെ ബേസിലിന്റെ പ്രത്യേക ഗെറ്റപ്പ് ഇതിനകം ചർച്ചയായി കഴിഞ്ഞു. അടുത്ത വിഷുച്ചിത്രമായ മൂന്നാമത്തെ ചിത്രം,തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻറെ സംവിധാനം, പ്രേമലുവിലൂടെ ബമ്പർ ഹിറ്റടിച്ച നസ്ലിൻ ഗഫൂർ നായകനായ ആലപ്പുഴ ജിംഖാന’.
നസ്ലിന് പുറമേ ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് തുടങ്ങിയ താരങ്ങളുടെ ഗെറ്റപ്പും ശ്രദ്ധേയമായിക്കഴിഞ്ഞു, അടുത്ത ചിത്രം,മാർക്ക് ആന്റണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ആധിക് രവിചന്ദ്രൻ സംവിധാനംചെയ്യുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാറാണ് നായകൻ. വിടാമുയർച്ചി എന്ന ഈ വർഷംതന്നെയിറങ്ങിയ ചിത്രത്തിന്റെ ക്ഷീണം മാറ്റാനും ബോക്സോഫീസിൽ പുതിയ ചരിത്രമെഴുതാനും ലക്ഷ്യമിട്ടാണ് അജിത് ഗുഡ് ബാഡ് അഗ്ലിയുമായി കേരളത്തിലെത്തുന്നത്, അങ്ങനെ പ്രേക്ഷകർക്ക് വിഷു കളറാക്കാൻ ഇതിൽ കൂടുതൽ എന്തുവേണം.












