
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് വെള്ളാപ്പള്ളിയുടെ പരാമർശ൦ സി.പി.ഐ.എം വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടേശൻ നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. പിണറായി വിജയൻ ഇസ്രയേലിന് എതിർക്കു൦ എന്നാൽ വെള്ളാപ്പള്ളിയെ എതിർക്കില്ല, മുസ്‌ലിങ്ങളെ തെറി പറയുന്നവരോട് സി.പി.ഐ.എമ്മിന് മൃദു സമീപനമാണെന്നും കെ.എം ഷാജി പറഞ്ഞു. സഖാവ് പിണറായി വിജയൻ ഇസ്രയേലിനെ എതിർക്കും കാരണമെന്താണ്, കേരളത്തിൽ ഒരൊറ്റ ജൂതനും വോട്ട് ചെയ്യാനില്ല,പക്ഷെ പിണറായി വിജയൻ വെള്ളാപ്പള്ളിയെ എതിർക്കില്ല. കാരണം വോട്ട് നഷ്ടമാകും എന്നും ഷാജി പറയുന്നു.
പി.സി. ജോർജിനെ എതിർക്കില്ല കാരണ൦ , ഇവിടെ വോട്ട് നഷ്ടമാകും. ഒരു ചെലവുമില്ലാത്ത സദ്ദാം ഹുസൈന് പിന്തുണ കൊടുക്കും. ഇവിടുത്ത മുസ്‌ലിങ്ങളുടെ അടിസ്ഥാനപരമായ എന്തെങ്കിലും വിഷയം വന്നാലോ സംവരണത്തിന്റെ പ്രശ്നം വന്നാലോ അത് കേൾക്കില്ല. നിങ്ങൾ ഒരു മുടക്കും ഇല്ലാത്ത വൈകാരികതയെ അഡ്രസ് ചെയ്യാൻ തയാറാണ്. എന്റെ സഖാക്കളേ നിങ്ങൾ നെഞ്ചത്ത് കൈ വെച്ച് ആലോചിക്കൂ. ഞങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി പറഞ്ഞു കൊണ്ടിരിക്കുകയാണ്,നിങ്ങൾ വഴി വെട്ടുകയാണ്, ആർക്ക് സംഘപരിവാറിന്, ബി.ജെ.പിക്ക്, ഏത് പോലെ, ലവ് ജിഹാദ് പോലെ.
സഖാവ് പിണറായി വിജയാ നിങ്ങൾ ദൽഹിയിൽ പോയി പറഞ്ഞതിന്റെ കുറേക്കൂടെ ഒരു വെള്ളാപ്പള്ളി വേർഷനാണ് വെള്ളാപ്പള്ളി മലപ്പുറത്ത് വന്ന് പറഞ്ഞത്. നിങ്ങൾ വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടക്കുന്നത്. എ. വിജയരാഘവൻ പറഞ്ഞ വഴിയിലാണ് വെള്ളാപ്പള്ളി പറയുന്നത്. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന് പറയുന്ന കടകംപള്ളി സുരേന്ദ്രന്റെ മറ്റൊരു ഭാഷ്യമാണ് വെള്ളാപ്പള്ളി പറയുന്നത്, ഷാജി പറയുന്നു. വെള്ളാപ്പള്ളിയുടെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ സി.പി.ഐ.എമ്മിനെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നിസാരമായെടുക്കുമോ എന്ന് കെ.എം. ഷാജി ചോദിക്കുന്നു.











