
അനധികൃത സ്വത്ത് സമ്പാദനകേസിൽ എഡിജിപി എം.ആര്.അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സർക്കാർ അംഗീകരിച്ചു. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒപ്പിട്ടതോടെയാണ് ‘ക്ലീൻചിറ്റ്’ നടപടിക്ക് അംഗീകാരം ലഭിച്ചത്. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് ഒപ്പിടുകയായിരുന്നു. പിവി അൻവര്‍ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നടന്നത്.തുടര്‍ന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഈ അന്വേഷണ റിപ്പോര്‍ട്ടിനാണ് മുഖ്യമന്ത്രി അംഗീകാരം നൽകിയത്.
എന്നാൽ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിനും തെളിവില്ലെന്നായിരുന്നു വിജിലൻസ് പ്രത്യേക യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് ഡയറക്ടർ യോഗേഷ് ഗുപ്ത അംഗീകരിച്ച് സർക്കാരിന് കൈമാറിയിരുന്നു. ഇതാണു കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടത്.പി വിജയനെതിരായ വ്യാജ മൊഴി നൽകിയതിൽ കേസെടുക്കണമെന്ന ശുപാര്‍ശയിലും മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടില്ല.











