അന്ന് കൊന്നുകൊണ്ടിരുന്നത് പാന്റ് ഊരിനോക്കി, ഹിന്ദുവാണോ? മുസ്ലീമാണോ എന്ന് ചോദിച്ചു അക്രമിക്കുന്നതിന്റെ അർത്ഥമെന്താണ്; മേജർ രവി

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് മേജർ രവി. ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിച്ച് ആക്രമിക്കുന്നതിന്‍റെ അർഥം രാജ്യത്തെ ജനങ്ങളിൽ വിഭാഗീയതയുണ്ടാക്കുക എന്നതാണ്,ഇന്ത്യയിലെ ജനങ്ങൾ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. നമ്മുടെ നാട്ടിൽ വർഗീയ കലാപം ഇളക്കിവിടാനാണ് ഇപ്പോൾ മതപരമായ ചില ഡയലോഗുകൾ തീവ്രവാദികൾ പറഞ്ഞിരിക്കുന്നത്. കീർത്തിചക്ര എന്ന സിനിമയിൽ വസ്ത്രമുരിഞ്ഞു നോക്കി മതം കണ്ടുപിടിക്കുന്നത് കാണിച്ചിരുന്നു അത് അന്നത്തെ അവസ്ഥയായിരുന്നു. ഇന്ന് കാലം മാറി,

ഇപ്പോൾ വസ്ത്രം ഉരിഞ്ഞുനോക്കി മതം പറഞ്ഞുകൊണ്ട് പാവപ്പെട്ട മനുഷ്യരെ കൊന്നിരിക്കുന്നത് നമ്മുടെ നാട്ടിലെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സ്പർദ്ധ ഉണ്ടാക്കാനും, വർഗീയ കലാപം അഴിച്ചുവിടാനും ലക്‌ഷ്യം വച്ചുകൊണ്ടാണെന്ന് മേജർ രവി പറയുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിൽ ഒരു പ്രശ്നം ഉണ്ടാകാൻ ഇടയാകരുത്. ബുദ്ധിപരമായി ചിന്തിക്കുന്നവർക്ക് ഇതിനു പിന്നിലെ അജണ്ട മനസിലാകും. പക്ഷേ നിഷ്കളങ്കരായ സാധാരണക്കാർക്ക് മനസ്സിലാകില്ല. കശ്മീരിൽ പേരും മതവും ചോദിച്ചു, പാന്റ് ഊരി നോക്കിയിട്ട് ആളുകളെ വെടിവച്ചു കൊന്നു എന്ന് പറയുമ്പോൾ നമ്മുടെ ഹിന്ദുക്കൾ എന്താണ് കരുതുക, മുസ്‌ലിങ്ങൾ പ്രശ്നക്കാരാണ് എന്ന്.

തീവ്രവാദികളുടെയും ഉദ്ദേശം നമ്മുടെ നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കുക എന്നുള്ളതാണ്. ഇത്രയും നിഷ്കളങ്കരായ ആളുകളെ കൊന്നതിനു ശേഷം വർഗീയമായ ഡയലോഗുകൾ പറഞ്ഞിട്ടു പോകുന്നത് ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ്. ഒരു സ്ത്രീയോട് പറഞ്ഞിരിക്കുന്നത് ‘നിങ്ങളെ വെറുതെ വിടുന്നു ,നിങ്ങളുടെ മോദിയോട് പോയി പറയൂ’ എന്ന്. സ്വന്തം ഭർത്താവിനെ കണ്മുന്നിൽ വച്ച് ക്രൂരമായി കൊല്ലുന്നത് കാണേണ്ടി വന്ന ഒരു പാവം സ്ത്രീ പറഞ്ഞതാണ്. അങ്ങനെ ഒരു ഡയലോഗ് ഇപ്പോൾ പറഞ്ഞിട്ടുണ്ടെങ്കിൽ ഈ അറ്റാക്കിനു പിന്നിൽ ഒരു രാഷ്ട്രീയ അജണ്ട ഉണ്ട്മേ,ജർ രവി പറയുന്നു.