ശോഭാ സുരേന്ദ്രന്റെ വീടിനു സമീപ൦ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു, ആക്രമണത്തിന് പിന്നിൽ നാല് അജ്ഞാതർ;പോലീസ് അന്വേഷണ൦ തുടങ്ങി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്തേക്ക് സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു. ശോഭയുടെ എതിര്‍വശത്തെ വീടിന്റെ ഗേറ്റിന് സമീപത്തേക്കാണ് നാല് അജ്ഞാതകര്‍ സ്‌ഫോടകവസ്തുക്കൾ എറിഞ്ഞത്. ശോഭയുടെ വീട് എന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാമെന്നാണ് നിഗമനം.വലിയ ശബ്‌ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ബൈക്കുകളിലെത്തിയ നാലു പേരാണു ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

ഈ സംഭവത്തിന് പിന്നാലെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അയ്യന്തോളിലെ ശോഭയുടെ വീടിനു മുന്നില്‍ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം. ശോഭ അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയപ്പോഴാണു സ്‌ഫോടകവസ്തുക്കളാണെന്ന് വ്യക്തമായത്.സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചുകൊണ്ട് പൊലീസ് പരിശോധന നടത്തുന്നുണ്ട്. സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പൊലീസിനു മൊഴി നൽകി. ഇതിനുപിന്നിലെ പ്രതികളെ കണ്ടെത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

സ്‌ഫോടക വസ്‌തു എറിഞ്ഞ വീട്ടിലെ കുടുംബം യാതൊരു രാഷ്ട്രീയവും ഇല്ലാത്ത ആളുകളാണ്. ഇത് പ്ലാനിങ്ങോടുകൂടി നടത്തിയ സ്ഫോടനമാണ്. പൊലീസിന്‍റെ മൂക്കിന് കീഴിൽ ഇങ്ങനെ ഒരു സ്‌ഫോടനം ഉണ്ടാകുമ്പോള്‍ അത് അവർ തന്നെ കണ്ടുപിടിക്കട്ടെയെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.