
റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്നും 7 ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ കൊച്ചിയിലെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് കഞ്ചാവ് പൊലീസ് കണ്ടെത്തിയത്. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. വേടന്റെ ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്, 9 പേരടങ്ങുന്ന സംഘമാണ് ആണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. വേടന്റെ അറസ്റ്റ് പോലീസ് ഉടന്‍ രേഖപ്പെടുത്തും.

ഈ സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് ഉടൻ തുടര്‍നടപടിയെടുക്കും. വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ കഴിഞ്ഞയാഴ്ച്ച സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്ന് പറഞ്ഞ് വേടന്‍ രംഗത്തെത്തിയിരുന്നു. സിന്തറ്റിക് ഡ്രഗുകള്‍ നമ്മുടെ തലച്ചോറിനെ കാര്‍ന്നു തിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളെ പറഞ്ഞ് മനസിലാക്കിപ്പിക്കണമെന്ന് തന്നോട് പറഞ്ഞതായും വേടന്‍ പറഞ്ഞിരുന്നു.
കഞ്ചാവ് കേസില്‍ അറസ്റ്റിലായതോടെ വേടന്‍ ലഹരിക്കെതിരെ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.അതേസമയം, വോയിസ് ഓഫ് വോയിസ്‌ലെസ് എന്ന ഒറ്റ റാപ്പിലൂടെയാണ് വേടന്‍ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഗാനങ്ങള്‍ മലയാള സിനിമയ്ക്കും സമ്മാനിച്ച വേടന് ആരാധകര്‍ ഏറെയാണ്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയിലെ ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’ എന്ന ഗാനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.












