പിണറായിയെന്ന ബല്ലാല്‍ ദേവന്റെ പ്രതിമയല്ല മറിച്ച് ഉമ്മന്‍ ചാണ്ടിയെന്ന ബാഹുബലിയെ ആണ് മലയാളികള്‍ വിഴിഞ്ഞത്ത് കാണുന്നത്, വിമർശനവുമായി ഷാഫി പറമ്പിൽ

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎല്‍എ. പിണറായിയെന്ന ബല്ലാല്‍ ദേവന്റെ പ്രതിമയല്ല മറിച്ച് ഉമ്മന്‍ ചാണ്ടിയെന്ന ബാഹുബലിയെ ആണ് മലയാളികള്‍ വിഴിഞ്ഞത്ത് കാണുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് എത്ര സ്വര്‍ണം പൂശി പിആര്‍ വര്‍ക്ക് നടത്തി പിണറായിയുടെ പ്രതിമ എടുത്ത് കാണിച്ചാലും ജനങ്ങള്‍ അവിടെ കാണുക ഉമ്മന്‍ ചാണ്ടിയെ ആയിരിക്കും വിമർശിച്ചു ഷാഫി പറമ്പിൽ.

ആയിരം ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി വൈകാന്‍ സര്‍ക്കാരിന്റെ മെല്ലേപ്പോക്കും കാരണമായി. റോഡ്, റെയില്‍ കണക്ടിവിറ്റി ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല. 5,000 കോടി രൂപയുടെ പദ്ധതിക്ക് 6,000 കോടി രൂപ അഴിമതി ആരോപിച്ച ആളുകള്‍ ഇപ്പോള്‍ ഒരു ജാള്യതയുമില്ലാതെ തങ്ങള്‍ കൊണ്ടു വന്നതാണെന്ന് പറയാന്‍ ശ്രമിക്കുന്നുവെന്നും ഷാഫി പറയുന്നു.

വിഴിഞ്ഞം പദ്ധതി കടന്നുവന്ന വഴികളിൽ അർഹതപ്പെട്ട ആളുകൾക്ക് അംഗീകാരം നൽകുക എന്നത് ജനാധിപത്യ മര്യാദയാണ്, അത് അവര്‍ കാണിക്കാത്തത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല. അവരില്‍ നിന്ന് അത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നുമില്ല. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിയെ വിളിച്ചില്ല. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് കുമ്മനം രാജശേഖരനും വിഴിഞ്ഞം ഉദ്ഘാടനത്തിന് രാജീവ് ചന്ദ്രശേഖരനും വരാം, ഷാഫി പറമ്പിൽ പറയുന്നു.